വൻ വനവത്കരണ പദ്ധതി; ആയിരം കോടി വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കും, രണ്ട് ഘട്ടങ്ങളായി പദ്ധതി നടപ്പാക്കും
കാലാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ പാരിസ്ഥിതിക വെല്ലുവിളികളെയും നേരിടാനുള്ള രാജ്യത്തിെൻറ പ്രതിബദ്ധതയുടെ ഭാഗമാണ് എല്ലാ മുക്കുമൂലകളിലും വൃക്ഷങ്ങൾ വച്ചുപിടിക്കാനുള്ള പദ്ധതി.

റിയാദ്: ആയിരം കോടി മരങ്ങൾ നട്ടുപിടിപ്പിച്ച് രാജ്യത്ത് തരിശിടങ്ങളിൽ വനവത്കരണം നടത്താനുള്ള വൻ പദ്ധതി സൗദി അറേബ്യ പ്രഖ്യാപിച്ചു. റിയാദിൽ തിങ്കളാഴ്ച സമാപിച്ച കാലാവസ്ഥാ വാരാചരണ പരിപാടികൾക്കിടയിലായിരുന്നു പ്രഖ്യാപനം. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പരമോന്നത സമിതി ചെയർമാനുമായി ആരംഭിച്ച ഹരിത സൗദി പദ്ധതിക്ക് കീഴിലാണിത്.
കാലാവസ്ഥയുമായി ബന്ധപ്പെട്ട എല്ലാ പാരിസ്ഥിതിക വെല്ലുവിളികളെയും നേരിടാനുള്ള രാജ്യത്തിെൻറ പ്രതിബദ്ധതയുടെ ഭാഗമാണ് എല്ലാ മുക്കുമൂലകളിലും വൃക്ഷങ്ങൾ വച്ചുപിടിക്കാനുള്ള പദ്ധതി. എല്ലാ പ്രകൃതിദത്ത ആവാസ മേഖലകളിലും മരങ്ങളും സസ്യങ്ങളും വെച്ചുപിടിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്ത തന്ത്രപരമായ പദ്ധതിയാണിത്. നഗരങ്ങൾ, ഹൈവേകൾ, ഹരിത ഇടങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും. പുതിയ മരങ്ങൾ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കുന്നതിന് സംഭാവന ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും. മരങ്ങളുടെ സാന്ദ്രത വർദ്ധിക്കുന്നത് നഗരകേന്ദ്രങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആകെ താപനില 2.2 ഡിഗ്രി സെൽഷ്യസ് കുറയ്ക്കുന്നതിനും വായുവിെൻറ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും. നഗരങ്ങളിലെ സസ്യയിടങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ കാർബൺ ഡൈ ഓക്സൈഡ് കുറയ്ക്കുന്നതിന് സഹായിക്കും. കൂടാതെ റോഡ്‌മാപ്പ് നടപ്പാക്കുന്നത് രാജ്യത്തുടനീളം നിരവധി തൊഴിലവസരങ്ങൾ നൽകുന്നതിന് സംഭാവന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നത്.
പരിസ്ഥിതി-ജലം-കൃഷി മന്ത്രാലയത്തിെൻറയും ദേശീയ സസ്യവികസന കേന്ദ്രത്തിെൻറയും മരുഭൂവൽക്കരണത്തിനെതിരായ പോരാട്ടത്തിെൻറയും സഹകരണത്തോടെ രണ്ടുവർഷം നീണ്ടുനിന്ന വിശദമായ ശാസ്ത്രീയ സാധ്യതാപഠനത്തെ അടിസ്ഥാനമാക്കിയാണ് റോഡ് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്.
പദ്ധതി രണ്ട് ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. ആദ്യ ഘട്ടം 2024 മുതൽ 2030 വരെയാണ്. രണ്ടാം ഘട്ടം 2030-ൽ ആരംഭിക്കും. പാരിസ്ഥിതിക പുനരധിവാസത്തിൽ മനുഷ്യരുടെ ശ്രമങ്ങളെ അടിസ്ഥാനമാക്കി സമഗ്രമായ ഒരു സമീപനം വികസിപ്പിക്കുന്നതിന് ഈ കാലയളവിൽ പ്രവർത്തിക്കും. സൗദി അറേബ്യയിൽ 2,000ലധികം സസ്യജാലങ്ങളുണ്ട്. അവ വൈവിധ്യമാർന്ന പ്രകൃതിദത്ത ആവാസ വ്യവസ്ഥകളിൽ വളരുന്നു.
കണ്ടൽ വനങ്ങൾ, ചതുപ്പുകൾ, പർവത വനങ്ങൾ, പുൽമേടുകൾ, ദേശീയ ഉദ്യാനങ്ങൾ, താഴ്വരകൾ എന്നിവ അതിലുൾപ്പെടുന്നു. 2030 വരെ ആദ്യഘട്ടത്തിൽ 600 കോടി മരങ്ങൾ നട്ടുപിടിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് 38 ലക്ഷം ഹെക്ടർ ഭൂമി വനവത്കരിക്കും. ആയിരം കോടി മരങ്ങളും നട്ടുപിടിപ്പിക്കുന്നതിലൂടെ രാജ്യത്തെ 40 ലക്ഷം ഹെക്ടർ ഭൂമി വനമായി മാറും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...