ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി താമസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ കൂടെ ഒരു രേഖയും കരുതാതെ റൂമിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

റിയാദ്: ഹജ്ജ് കർമം പൂർത്തിയാക്കി മക്കയിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷം കാണാതായ മലയാളി തീർഥാടകനെ കണ്ടെത്താൻ ഊർജിത ശ്രമം. കേരളത്തിൽനിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിൽ ഉമ്മയുടെയും ഭാര്യയുടെയും കൂടെ അവസാന വിമാനത്തിൽ മക്കയിൽ എത്തിയ വളാഞ്ചേരി പെങ്ങണൂർ സ്വദേശി സി.എച്ച്. മൊയ്തീൻ ചക്കുങ്ങലിനെ (72) കുറിച്ചാണ് കഴിഞ്ഞ ഒരു മാസമായി ഒരു വിവരവുമില്ലാത്തത്. 

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി താമസ്ഥലത്ത് വിശ്രമിക്കുന്നതിനിടെ കൂടെ ഒരു രേഖയും കരുതാതെ റൂമിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം മക്കയിലെ നുസ്ഹ ഭാഗത്ത് വെച്ച് ഒരാൾ ഇദ്ദേഹത്തെ കണ്ടതായി പറയപ്പെടുന്നു. ശേഷം ഒരു വിവരവുമില്ല. ഓർമക്കുറവും ചെറിയ മാനസിക പ്രശ്‌നങ്ങളുമുള്ള ഇദ്ദേഹത്തെ കണ്ടെത്താനായി മക്കയിലെ കെ.എം.സി.സി കമ്മിറ്റിയുടെ കീഴിൽ ശ്രമം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.

ഇതോടെ കാണാനില്ലാത്ത വിവരവും ഇദ്ദേഹത്തിെൻറ ഫോട്ടോയും ബന്ധപ്പെടേണ്ട നമ്പറും നൽകി മലയാളം, അറബി, ഇംഗ്ലീഷ് ഭാഷകളിൽ പോസ്റ്ററുകൾ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിലും ഓൺലൈൻ പോർട്ടലുകളും വഴി വ്യാപകമായി പ്രചരിപ്പിച്ചിരിക്കുകയാണിപ്പോൾ. ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം നേരത്തെ സൗദിയിലെ വിവിധസ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0502336683, 0539209656 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സാമൂഹികപ്രവർത്തകർ അറിയിച്ചു.

Read Also -  സുഹൃത്ത് ചതിച്ചെന്ന് മകനെ വിളിച്ചു പറഞ്ഞു, പിന്നീട് വിവരമില്ല; പ്രവാസിയെ സൗദിയിൽ കാണാതായി

അപകടത്തിൽ മരിച്ച മലയാളി വനിതയുടെ മൃതദേഹം മക്കയിൽ ഖബറടക്കി

റിയാദ്: കഴിഞ്ഞ ദിവസം ത്വാഇഫിനടുത്ത് ദുലുമിൽ അപകടത്തിൽ മരിച്ച മലപ്പുറം കോട്ടക്കൽ പറപ്പൂർ ശാന്തിനഗർ സ്വദേശി മുഹമ്മദ് കുട്ടിയുടെ ഭാര്യ ആലുങ്ങൽ സാജിദയുടെ മൃതദേഹം തിങ്കളാഴ്ച അസർ നമസ്കാരാനന്തരം മക്കയിൽ ഖബറടക്കി. ബുറൈദയിൽ നിന്നും സഹോദരി പുത്രൻ മുഹമ്മദലിയുടെ കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കുന്നതിനായി മക്കയിലേക്കുള്ള യാത്രയിൽ മക്കയിലെത്തുന്നതിന് 350 കിലോ മീറ്ററകലെ ദുലൂമിൽ വെച്ച് കുവൈത്തി പൗരൻ ഓടിച്ച വാഹനം പിറകിൽ വന്നിടിച്ചു അപകടം സംഭവിക്കുകയായിരുന്നു.

മയ്യിത്ത് പരിപാലനത്തിന് ഐ.സി.എഫ് വെൽഫെയർ വിങ് ഭാരവാഹികളായ ഒ.കെ. ബാസിത് അഹ്സനി, ഷാഫി ബാഖവി മക്ക, ഷഹദ് പെരുമ്പിലാവ്, കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ വളൻറിയർ മുഹമ്മദ് സാലിഹ് എന്നിവർ നേതൃത്വം നൽകി.

സഹയാത്രികരായിരുന്ന മുഹമ്മദ് കുട്ടിയുടെ മാതാവ് ഖദീജ, സഹോദരി ആഇഷ എന്നിവർ പരിക്കുകളോടെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി സേവനങ്ങൾക്ക് ഹഫ്സ കബീർ, ഷാന ത്വൽഹത്ത് എന്നിവരുടെ നേതൃത്വത്തിൽ ഐ.സി.എഫ് ഹാദിയ വളൻറിയർമാർ കർമരംഗത്തുണ്ട്. മരിച്ച സാജിദയുടെ ഭർത്താവ് മുഹമ്മദ് കുട്ടിയും മുഹമ്മദലിയുടെ മകൻ അർഷദും നേരത്തെ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...