Asianet News MalayalamAsianet News Malayalam

ഗാസയ്ക്ക് സഹായവുമായി കുവൈത്തിൽ നിന്ന് മൂന്നാമത്തെ വിമാനം അയച്ചു

ബുധനാഴ്ചയാണ് വിമാനം പുറപ്പെട്ടത്. ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിലേക്ക് 40 ടൺ ദുരിതാശ്വാസ സഹായവുമായാണ് വിമാനം പുറപ്പെട്ടിട്ടുള്ളത്.

gulf news third plane from Kuwait send to provide relief to Gaza rvn
Author
First Published Oct 26, 2023, 8:29 PM IST

കുവൈത്ത് സിറ്റി: ഗാസയിലേക്ക് കൂടുതല്‍ സഹായങ്ങളുമായി കുവൈത്ത്. ഗാസ മുനമ്പിലെ പലസ്തീൻ ജനതയുടെ ​ദുരിതമകറ്റാൻ കുവൈത്ത് വ്യോമസേനയുടെ മൂന്നാമത്തെ ദുരിതാശ്വാസ വിമാനം പുറപ്പെട്ടു. 

ബുധനാഴ്ചയാണ് വിമാനം പുറപ്പെട്ടത്. ഈജിപ്ഷ്യൻ നഗരമായ അൽ അരിഷിലേക്ക് 40 ടൺ ദുരിതാശ്വാസ സഹായവുമായാണ് വിമാനം പുറപ്പെട്ടിട്ടുള്ളത്.  അടിയന്തര മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ വസ്തുക്കളും മറ്റ് അവശ്യ വസ്തുക്കളുമാണ് വിമാനത്തിലുള്ളത്. അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ശൈഖ് മിഷല്‍ അൽ അഹമ്മദ് അൽ ജാബർ അൽ-സബാഹ് എന്നിവരുടെ നിർദേശപ്രകാരമാണ് ​ഗാസയിൽ സഹായം എത്തിക്കുന്നതിനുള്ള കുവൈത്തിന്റെ പ്രവർത്തനങ്ങൾ തുടരുന്നത്. 

വിദേശകാര്യ, പ്രതിരോധ, ആരോഗ്യ, മന്ത്രാലയങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിരവധി ഔദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കുവൈറ്റ് എയർ ബ്രിഡ്ജ് ഈ ആഴ്ചയിൽ തുടർച്ചയായ ദിവസങ്ങളിൽ ​ഗാസയിലേക്ക് സഹായം അയക്കുന്നുണ്ട്. കുവൈത്ത് ആർമി, എയർഫോഴ്സ്, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, കുവൈത്ത് റിലീഫ് സൊസൈറ്റി, കുവൈത്ത് ചാരിറ്റബിൾ സൊസൈറ്റികൾ, മാനുഷിക സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ സാധ്യമാക്കുന്നത്. ഈ​ജി​പ്ഷ്യ​ൻ, പ​ല​സ്തീ​ൻ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി​ക​ൾ ത​മ്മി​ല്‍ ഏ​കോ​പിപ്പിച്ചാണ്  സ​ഹാ​യ വി​ത​ര​ണം.

Read Also -  സോഷ്യല്‍ മീഡിയ വഴി ഇസ്രയേലിനെ പിന്തുണച്ചു; പ്രവാസി ഇന്ത്യന്‍ നഴ്‌സിനെതിരെ പരാതി

ഗാസയ്ക്ക് കൂടുതല്‍ സഹായവുമായി ഖത്തറും മുന്നോട്ട് വന്നിരുന്നു. 87 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി ഖത്തര്‍ സായുധസേനയുടെ രണ്ട് വിമാനങ്ങള്‍ അയച്ചു. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ്, ഖത്തര്‍ റെഡ് ക്രസന്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഗാസയിലേക്ക് ദുരിതാശ്വാസ വസ്തുക്കള്‍ ശേഖരിച്ചത്. 

രണ്ടാം ഘട്ട സഹായമാണ് ഖത്തര്‍ എത്തിച്ചത്. ആദ്യം 37 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ ഈജിപ്തിലെത്തിച്ചിരുന്നു. ഗാസയിലെ ജനങ്ങള്‍ക്ക് സഹായവുമായി യുഎഇയും ഭക്ഷ്യവസ്തുക്കളെത്തിച്ചിരുന്നു.  68 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ഗാസയിലെ ജനങ്ങള്‍ക്കായി യുഎഇ അയച്ചത്. ഈജിപ്തിലെത്തിച്ച ദുരിതാശ്വാസ വസ്തുക്കള്‍ റഫാ അതിര്‍ത്തി വഴി ഗാലയില്‍ എത്തിച്ച് വിതരണം ചെയ്യും. 

യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി. സഹായ വസ്തുക്കള്‍ ശേഖരിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 30ലേറെ കേന്ദ്രങ്ങളാണ് തുറന്നത്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ സംഭാവനകള്‍ നല്‍കി. കൂടാതെ നിരവധി ബിസിനസ് സംരംഭങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനകള്‍ക്ക് സഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് റെഡ് ക്രസന്റ് വഴിയും പലസ്തീന്‍ ചില്‍ഡ്രന്‍സ് റിലീഫ് ഫണ്ട് വഴിയും സഹായമെത്തിക്കാനാണ് ഇവര്‍ പദ്ധതിയിടുന്നത്. എമിറേറ്റ്‌സ് റെഡ് ക്രസന്റാണ് യുഎഇയില്‍ നിന്ന് സഹായവസ്തുക്കള്‍ ശേഖരിച്ച്  ദുരിതമനുഭവിക്കുന്നവര്‍ക്ക് എത്തിക്കാന്‍ സംവിധാനം ഒരുക്കിയത്.

പലസ്തീന്‍ ജനതയ്ക്ക് സഹായം എത്തിക്കുന്നതിനായി ദുരിതാശ്വാസ വസ്തുക്കള്‍ സമാഹരിക്കുന്നത് യുഎഇയില്‍ തുടരുകയാണ്. കേടാകാത്ത ഭക്ഷ്യോല്‍പ്പന്നങ്ങള്‍, മരുന്ന്, പുതപ്പ്, പുതുവസ്ത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ഡയപ്പര്‍ എന്നിവയാണ് ശേഖരിക്കുന്നത്. ഇവ തരംതിരിച്ച് പാക്ക് ചെയ്താണ് ഗാസയിലേക്ക് അയയ്ക്കുന്നത്. ദുരിതാശ്വാസ പദ്ധതിയിലേക്ക് സഹായം നല്‍കാന്‍ വിവിധ മാളുകളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. പണമായും സഹായം സ്വീകരിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios