വിദേശികളുടെ കുവൈത്തിലെ താമസം സംബന്ധിച്ച പുതിയ ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മനുഷ്യക്കടത്തില്‍ ഏര്‍പ്പെട്ടാല്‍ കര്‍ശന ശിക്ഷ. മൂന്ന് വര്‍ഷം തടവും 5000 മുതല്‍ 10,000 ദിനാര്‍ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിദേശികളുടെ കുവൈത്തിലെ താമസം സംബന്ധിച്ച പുതിയ ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. മനുഷ്യക്കടത്തിലൂടെ രാജ്യത്ത് എത്തിച്ച് പണം ഈടാക്കി മറ്റൊരാള്‍ക്ക് കൈമാറുന്നത് നിയമലംഘനമാണെന്ന് മന്ത്രാലയം അറിയിച്ചു. 

Read Also - പ്രവാസികളുടെ ശ്രദ്ധക്ക്, തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ്; പിഴ ഈടാക്കുന്നത് ആര്‍ക്കെല്ലാം? എങ്ങനെ? വിശദമായി അറിയാം

അതേസമയം കുവൈത്തില്‍ സ്വകാര്യ വസതിയിൽ ലൈസൻസില്ലാതെ റെസ്റ്റോറന്‍റ് പ്രവര്‍ത്തിപ്പിച്ച കേസില്‍ എട്ട് പ്രവാസികളെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടിയിരുന്നു. റെസ്റ്റോറന്‍റില്‍ ഇവര്‍ മദ്യവും പന്നിയിറച്ചിയും വില്‍പ്പന നടത്തുകയും ചെയ്തിരുന്നു.

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, ലൈസന്‍സിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് അനധികൃത പ്രവര്‍ത്തനം നടത്തിയവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ ഒരു സ്വകാര്യ വസതിയെ റെസ്റ്റോറന്റാക്കി മാറ്റുകയും ഇറക്കുമതി ചെയ്തതും പ്രാദേശികമായി നിർമ്മിച്ചതുമായ മദ്യം പന്നിയിറച്ചിക്കൊപ്പം ഉപഭോക്താക്കൾക്ക് വിളമ്പുകയുമായിരുന്നു. 

ആവശ്യമായ അനുമതി നേടിയ ശേഷം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റ് ഒരു സംഘം രൂപീകരിച്ച് പരിശോധന നടത്തി നിയമലംഘകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിശോധനയില്‍ പ്രാദേശികമായി നിർമ്മിച്ച 489 കുപ്പി മദ്യം, ആല്‍ക്കഹോള്‍ അടങ്ങിയ 54 ജാറുകൾ, ഇറക്കുമതി ചെയ്ത 10 മദ്യക്കുപ്പികൾ, 218 കിലോഗ്രാം പന്നിയിറച്ചി എന്നിവയും അധികൃതർ പിടിച്ചെടുത്തു. ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ പബ്ലിക് അതോറിറ്റി ഇവ പിടിച്ചെടുത്ത് പിഴ ചുമത്തി. അറസ്റ്റിലായവരെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 34 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും മസാജ് പാര്‍ലറുകളുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്‌തെന്ന കേസുകളില്‍ 34 പ്രവാസികളെ അറസ്റ്റ് ചെയ്തു. 16 വ്യത്യസ്ത സംഭവങ്ങളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.

മഹ്ബൂല, മംഗഫ്, സാല്‍മിയ, ഫര്‍വാനിയ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗം, പ്രത്യേകിച്ച് പൊതുമര്യാദ സംരക്ഷണ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനകളിലാണ് നിയമലംഘകരെ പിടികൂടിയത്. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പൊതുധാര്‍മ്മികതയ്ക്ക് വിരുദ്ധമായുള്ള പ്രവൃത്തികള്‍ നടത്തുന്നത് കണ്ടെത്താനുള്ള ഉദ്യോഗസ്ഥര്‍ നടത്തി വരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റ്. പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...