ഇന്ത്യ അരി കയറ്റുമതി നിര്‍ത്തിവെച്ചതിനാല്‍ പ്രാദേശിക വിപണിയില്‍ ആവശ്യത്തിന് അരി ലഭ്യത ഉറപ്പാക്കാന്‍ വേണ്ടിയാണ് തീരുമാനം.
അബുദാബി: അരിയുടെ കയറ്റുമതിയും പുനര്‍കയറ്റുമതിയും താല്‍ക്കാലികമായി നിരോധിച്ച് യുഎഇ. നാല് മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച നിലവില്‍ വന്ന ഉത്തരവ് സാമ്പത്തിക മന്ത്രാലയമാണ് പുറത്തുവിട്ടത്.
ഇന്ത്യ അരി കയറ്റുമതി നിര്‍ത്തിവെച്ചതിനാല്‍ പ്രാദേശിക വിപണിയില്‍ ആവശ്യത്തിന് അരി ലഭ്യത ഉറപ്പാക്കാന്‍ വേണ്ടിയാണ് തീരുമാനം. ഈ മാസം 20ന് ശേഷം ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത അരിയുടെ പുനര്‍കയറ്റുമതിയും നിരോധനത്തില്‍പ്പെടും. കുത്തരി ഉള്‍പ്പെടെ എല്ലാ അരിയുടെയും കയറ്റുമതി നിരോധിച്ചിട്ടുണ്ട്. അരി കയറ്റുമതിയോ പുനര്‍ കയറ്റുമതിയോ ചെയ്യേണ്ട കമ്പനികള്‍ മന്ത്രാലയത്തില്‍ നിന്ന് പെര്‍മിറ്റ് ലഭിക്കാന്‍ അപേക്ഷിക്കണം. അരി കൊണ്ടുവന്ന ഉറവിടം. ഇടപാടുകള്‍ നടന്ന തീയതി എന്നിവയടക്കം ആവശ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ സഹിതം വേണം അപക്ഷേ നല്‍കാന്‍.
ഇന്ത്യയില്‍ നിന്നുള്ളതല്ലാത്ത അരിയോ അരിയുല്‍പ്പന്നങ്ങളോ കയറ്റി അയയ്ക്കുന്നതിനും പ്രത്യേക അനുമതി വാങ്ങണം. ഒരു തവണ നല്‍കുന്ന കയറ്റുമതി പെര്‍മിറ്റിന് 30 ദിവസത്തെ സാധുത ഉണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അരി കയറ്റുമതി ചെയ്യുമ്പോള്‍ ഈ പെര്‍മിറ്റ് കസ്റ്റംസിന് നല്‍കണം. അപേക്ഷകള്‍ ഓണ്‍ലൈനായി e.economy@antidumping എന്ന വെബ്‌സൈറ്റ് വഴിയോ നേരിട്ട് സാമ്പത്തിക മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് എത്തിയോ നല്‍കാവുന്നതാണ്. യുഎഇയിലേക്ക് അരി ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം; തായ്‌ലാന്റിലും വിയറ്റ്നാമിലും വില റെക്കോർഡിട്ടു
ദില്ലി: വിയറ്റ്നാമിൽ നിന്നും തായ്‌ലൻഡിൽ നിന്നും കയറ്റുമതി ചെയ്യുന്ന അരിയുടെ വില പത്ത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. അരി കയറ്റുമതി നിർത്തുന്നുവെന്ന ഇന്ത്യയുടെ തീരുമാനം വന്നതിനു ശേഷമാണ് അരിയുടെ വില ആഗോള വിപണിയിൽ കുത്തനെ ഉയരുന്നത്. ലോക അരി കയറ്റുമതിയുടെ 40 ശതമാനം വഹിക്കുന്ന ഇന്ത്യ ആഭ്യന്തര വില കുതിച്ചുയരുന്നത് തടയാനാണ് കയറ്റുമതി നിരോധിച്ചത്.
ഇന്ത്യയില്‍ അരി ഉത്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളില്‍ ഇത്തവണ മഴ വിളകളെ കാര്യമായി ബാധിച്ചിരുന്നു. ഇതോടെ ഉത്പാദനം കുറയ്ക്കുകയും ചെയ്തു. ഈ സാഹചര്യം ആഭ്യന്തര വിപണിയില്‍ അരിയുടെ വിലക്കയറ്റം സൃഷ്ടിക്കുമെന്ന അനുമാനത്തിലാണ് കേന്ദ്രം അരിയുടെ കയറ്റുമതി നിരോധിക്കുന്ന തീരുമാനം എടുത്തത്. ആഭ്യന്തര വിപണിയില്‍ അരിയുടെ മതിയായ ലഭ്യത ഉറപ്പ് വരുത്തുകയാണ് നിരോധനത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതിയാണ് പൂര്‍ണമായും നിരോധിച്ചിരിക്കുന്നത്.
വിയറ്റ്നാമിലെ അരിയുടെ വില ഒരു മെട്രിക് ടണ്ണിന് 550-575 ഡോളർ വരെയായി ഉയർന്നു. 2011 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇത്. ഒരാഴ്ച മുമ്പ് വിയറ്റ്നാമിൽ 515-525 എന്ന നിരക്കിലായിരുന്നു വില.
കയറ്റുമതി നിരോധനം വന്നതോടെ ആഭ്യന്തര വിപണിയിൽ അരിവില കുറയുമെങ്കിലും ആഗോള വിപണിയിൽ ഇനിയും അരി വില ഉയർന്നേക്കും. മാത്രമല്ല വരും ദിവസങ്ങളിൽ അരി വില ഉയരുമെന്ന കണക്കുകൂട്ടലിൽ ഇപ്പോൾ പലരും അരി വിപണനം ചെയ്യാൻ മടിക്കും. ഇങ്ങനെ പൂഴ്ത്തിവെച്ച അരി വില വർധിക്കുമ്പോൾ വിൽക്കാമെന്ന ധാരണ വരും. ഇത് വീണ്ടും അരിയുടെ വില ഉയർത്തും.
ഒരു മാസത്തിനുള്ളിൽ റീട്ടെയിൽ അരി വില മൂന്ന് ശതമാനം ഉയർന്നെങ്കിലും കനത്ത മൺസൂൺ മഴ വിളകൾക്ക് കാര്യമായ നാശമുണ്ടാക്കിയതിനെ തുടർന്നാണ് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. ഇത് വലിയ തിരിച്ചടി ഉണ്ടാക്കിയിരിക്കുന്നത് അരി ഉപഭോഗം കൂടുതലുള്ള രാജ്യങ്ങളിലാണ്. ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശ് ആഭ്യന്തര വില കുറയ്ക്കാൻ പാടുപെടുന്നു.
Read Also - യുഎഇയില്‍ മെര്‍സ് വൈറസ് സ്ഥിരീകരിച്ചു
