മത്സരങ്ങൾ കാണാൻ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം. വിവിധ വിഭാഗങ്ങളിലായി ആറ് ഇന്ത്യൻ താരങ്ങളും

റിയാദ്: ലോക സീനീയർ വെയ്റ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പിന് റിയാദിൽ തുടക്കമായി. ഇൻറർനാഷനൽ വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷൻ പ്രസിഡൻറ് മുഹമ്മദ് ജലൂദിെൻറയും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ദേശീയ ഫെഡറേഷനുകളുടെ തലവന്മാരുടെയും സാന്നിധ്യത്തിൽ റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് ഒളിമ്പിക്‌സ് കോംപ്ലക്‌സിലെ സ്‌പോർട്‌സ് മന്ത്രാലയ ഹാളിലാണ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്.

കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസലിനുവേണ്ടി സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി വൈസ് പ്രസിഡൻറ് അമീർ ഫഹദ് ബിൻ ജലവി ബിൻ അബ്ദുൽ അസീസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച ആരംഭിച്ച മത്സരങ്ങൾ ഈ മാസം 17 ന് സമാപിക്കും. മത്സരങ്ങൾ കാണാൻ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

വിവിധ ഭാര വിഭാഗങ്ങളിലായി ആറ് ഇന്ത്യൻ താരങ്ങളും മത്സരിക്കുന്നുണ്ട്. 49 കിലോ വനിതാ വിഭാഗത്തിൽ മീരാഭായ് ചാനു, 55 കിലോ വനിതാവിഭാഗത്തിൽ ബിന്ദ്ര്യാനി ദേവി, 73 കിലോ പുരുഷ വിഭാഗത്തിൽ അച്ചിന്ദ ഷൗലി, അജിത് നാരായൻ, 109 കിലോ പുരുഷ വിഭാഗത്തിൽ ഗുരുദീപ് സിങ്, 61 കിലോ വിഭാഗത്തിൽ സുഭം തനാജി തോഡ്കർ എന്നിവരാണ് ഇന്ത്യൻ കരുത്ത് തെളിയിക്കാനെത്തുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.

സൗദിയുടെ ചരിത്രത്തിലെ ഇത്തരത്തിലുള്ള ആദ്യ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിന് സംഘാടക സമിതി എല്ലാ ഒരുക്കങ്ങളും നേരത്തെ പൂർത്തിയാക്കിയിരുന്നു. 2024 ലെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടുന്നതിന് ഇതിലെ പങ്കാളിത്തം നിർബന്ധമാണ്. അതിനാൽ ലോകമെമ്പാടുമുള്ള 170-ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 2,500 പുരുഷ-വനിതാ അത്‌ലറ്റുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.

Read Also -  റിയാദ് എയറില്‍ തൊഴില്‍ അവസരങ്ങള്‍; റിക്രൂട്ട്മെന്‍റ് തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...