മക്ക: ശനിയാഴ്ചയിലെ അറഫാ സംഗമത്തിന് ശേഷം സൗദിയിൽ ഇന്ന് വലിയ പെരുന്നാൾ. ഇരുപത്തിയഞ്ചു ലക്ഷത്തോളം തീർത്ഥാടകരാണ് ഇന്നലെ അറഫയിൽ സംഗമിച്ചത്. മിനാ താഴ്‌വരയിയിലെത്തിയ തീർത്ഥാടകർ ജംറയിലെത്തി കല്ലേറ് കർമ്മം നിർവ്വഹിച്ചു.

ഇന്നലെ  സൂര്യാസ്തമയം വരെ അറഫയില്‍ തങ്ങിയ ഹജ്ജ് തീർത്ഥാടകർ മുസ്ദലിഫയിലെത്തിയാണ് രാത്രി തങ്ങിയത്. ഇന്ന് പ്രഭാത നമസ്കാരത്തിനു ശേഷം മിനാ താഴ്‌വരയിൽ എത്തിയ തീർത്ഥാടകർ പ്രധാന ജംറയിലെത്തി കല്ലേറ് കർമ്മം നിർവ്വഹിച്ചു. ഇനിയുള്ള മൂന്ന് ദിവസങ്ങളിലും മൂന്ന് ജംറകളിലും പിശാചിന്റെ പ്രതീകാത്മക സ്തൂപത്തിൽ കല്ലേറ് നടത്തി ചൊവ്വാഴ്ചയോടെ തീർത്ഥാടകർ മിനായില്‍ നിന്ന് മടങ്ങും.  ഇന്ന് കല്ലെറിയല്‍ കര്‍മത്തിന് ശേഷം തലമുണ്ഡനം ചെയ്യുന്ന തീർത്ഥാടകർ മസ്ജിദുല്‍ ഹറമിലെത്തി ത്വവാഫും സഅ്‌യും നിര്‍വഹിക്കും.

ഇന്ത്യൻ തീർത്ഥാടകർ ഇന്ന് രാവിലെയാണ് കല്ലേറ് കർമ്മം നിർവ്വഹിച്ചത്. ആഭ്യന്തര തീർത്ഥാടകർ ഇന്നും നാളെയുമായി കല്ലേറ് കർമ്മം പൂർത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങും. ഇന്ത്യൻ തീർത്ഥാടകർക്ക് സുഗമമായ രീതിയിൽ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കാൻ എല്ലാവിധ സൗകര്യവും ഒരുക്കിയതായി ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സയീദ്, കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖ് എന്നിവർ അറിയിച്ചു.
വിവിധ മലയാളി സംഘടനകളുടെ പരിശീലനം ലഭിച്ച വളണ്ടിയർമാർ തീർത്ഥാടക കേന്ദ്രങ്ങളിൾ സേവനസന്നദ്ധരായുണ്ട്. തീർത്ഥാടകരുടെ സുരക്ഷക്കായി മൂന്നര ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെയും സൗദി സർക്കാർ നിയോഗിച്ചിട്ടുണ്ട്.