മക്ക: നിരവധി സവിശേഷതകളോടെയും കര്‍ശന സുരക്ഷാ മുന്‍കരുതലുകളോടെയും നടന്ന ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടത്തിന് സമാപനം. കൊവിഡ് മഹാമാരിയുടെ പിടിയിലും ഹജ്ജ് കർമ്മം പൂർത്തിയാക്കിയ സായൂജ്യത്തിലാണ് തീർത്ഥാടകർ. ഹജ്ജ് കർമ്മം പൂർത്തിയാക്കിയ തീർത്ഥാടകർ ഇനി  14 ദിവസം ക്വാറന്റീനിൽ കഴിയണം.

ജംറയിലെ കല്ലേറ് കർമ്മം പൂർത്തിയാക്കിയ തീർത്ഥാടകർ മക്കയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം നടത്തിയതോടെ ഈ വർഷത്തെ ഹജ്ജിന് സമാപനമായി. ഹജ്ജ് കർമ്മം പൂർത്തിയാക്കിയ ഹാജിമാർ ഹോട്ടലുകളിലോ സ്വന്തം വീടുകളിലോ ഇനി 14 ദിവസം  ക്വാറന്റീനിൽ കഴിയണം. കൊവിഡ് പശ്ചാത്തലത്തിൽ ഹജ്ജ് കർമ്മം പൂർത്തിയാക്കിയ ശേഷം തീർത്ഥാടകർ 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടി വരുമെന്നു ആരോഗ്യ മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു.

ശക്തമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ഈവർഷത്തെ ഹജ്ജ് കർമ്മങ്ങൾ നടന്നത്. മക്കയിലെ പുണ്യസ്ഥലങ്ങൾ നിരീക്ഷിക്കുന്നതിന് മാത്രം 6250 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. എല്ലാ തീർത്ഥാടകരെയും നിരീക്ഷിക്കുന്നതിനും യഥാസമയം സുരക്ഷ ഉറപ്പുവരുത്താനും ഹജ്ജ് മോണിറ്ററിങ് കേന്ദ്രത്തെ ക്യാമറകളുമായി ബന്ധിപ്പിച്ചിരുന്നു.
ഇരുപത് വയസിനും 65 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമായി ഈ വർഷത്തെ ഹജ്ജ് പരിമിതപ്പെടുത്തിയിരുന്നു.
മറ്റ് രോഗങ്ങൾ ഉള്ളവർക്കും ഈ വർഷം ഹജ്ജിനു അനുമതി നൽകിയില്ല.