ഹാപിനസ്@വര്‍ക് അവാര്‍ഡ് അഞ്ചാം എഡിഷനില്‍ 75 പുരസ്‌കാരങ്ങളുമായി 62 സ്ഥാപനങ്ങള്‍ക്ക് ആദരം.

ദുബായ്: ഗള്‍ഫിലെ പൊതുമേഖലയില്‍ ഏറ്റവും സന്തോഷകരമായ ജോലിസ്ഥലമായി തെരഞ്ഞെടുക്കപ്പെട്ട് അബുദാബി പൊലീസ്. സ്വകാര്യ മേഖലയിലെ ഏറ്റവും സന്തോഷകരമായത് പാരമൗണ്ട് കമ്പ്യൂട്ടര്‍ സിസ്റ്റംസ്. ദുബായില്‍ വര്‍ഷം തോറും നടക്കുന്ന ഹാപിനസ്@വര്‍ക് അവാര്‍ഡിന്റെ അഞ്ചാം എഡിഷന്‍ (2021) ഈ മേഖലയിലെ ഏറ്റവും സന്തോഷകരവും നൂതനവുമായ സ്ഥാപനങ്ങളെ ആദരിച്ചു.

തന്ത്രപരവും സുസ്ഥിരവുമായ കോര്‍പറേറ്റ് ഉത്തരവാദിത്ത ആശയ രൂപം 'സസ്റ്റയ്‌നബ്ള്‍ മൈന്‍ഡ്‌സ്' 2021ലെ ഹാപിനസ്@വര്‍ക് അവാര്‍ഡ്‌സി'ന് തുടക്കം കുറിച്ചു. ഈ രംഗത്തെ മികച്ച നൂതന പൊതു-സ്വകാര്യ മേഖലാ കമ്പനികളെ അതത് തൊഴിലിടങ്ങളില്‍ ജീവനക്കാരുടെ ഇടപഴകലും ക്ഷേമ നയങ്ങളും പരിഗണിച്ച് മൊത്തത്തിലുള്ള സന്തുഷ്ടിയുടെ അടിസ്ഥാനത്തില്‍ അവാര്‍ഡുകള്‍ക്കായി തെരഞ്ഞെടുക്കുകയായിരുന്നു.

ഗള്‍ഫ് മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് 'ദി ഹാപിനസ്@വര്‍ക് അവാര്‍ഡ്'. കഴിഞ്ഞ അഞ്ചു ഘട്ടങ്ങളിലായി 62 സ്ഥാപനങ്ങള്‍ക്ക് 75 അവാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം നിരവധി വിഭാഗങ്ങളിലുള്ള സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കിയത് ഏറെ ആകര്‍ഷകമായി. ഇത് ജോലിസ്ഥലങ്ങളിലെ സന്തോഷം വര്‍ധിപ്പിക്കുന്നതാണ്.

''ഞങ്ങള്‍ വെല്ലുവിളി നിറഞ്ഞ ഒരു അസാധാരണ കാലഘട്ടത്തെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയാണ്. അവാര്‍ഡ് ലഭിച്ച ഈ കമ്പനികളില്‍ ചിലത് ജീവനക്കാരോട് വളരെയധികം സഹാനുഭൂതി കാണിക്കുന്നു. ഇത് പരിമിതികള്‍ കണക്കിലെടുക്കാതെ സന്തോഷകരമായ ജോലിസ്ഥലങ്ങള്‍ സൃഷ്ടിക്കാനുള്ള അവരുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. തങ്ങളുടെ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവരുടെ ജീവനക്കാരെ പോസിറ്റിവിറ്റിയില്‍ ഇടപഴകാന്‍ അര്‍പ്പണ ബോധത്തോടെ ഇത് സഹായിക്കുന്നു'' -സസ്റ്റയ്‌നബ്ള്‍ മൈന്‍ഡ്‌സ് ഡയറക്ടര്‍ സര്‍ജു മാത്യു പറഞ്ഞു.

ഈ വര്‍ഷത്തെ സൈക്കിളില്‍ വിവിധ വിഭാഗങ്ങളിലുടനീളം 35 നോമിനേഷനുകള്‍ ഉണ്ടായിരുന്നു. കൂടാതെ, ഒരു വിദഗ്ധ സമിതിയുടെ വിലയിരുത്തലിന് ശേഷം അസാധാരണമായ അര്‍പ്പണ ബോധം പ്രകടിപ്പിക്കുന്ന കമ്പനികള്‍ക്ക് എട്ട് വിഭാഗങ്ങളിലായി തൊഴിലിടത്തിലെ സന്തുഷ്ടി കണക്കിലെടുത്താണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ഹാപിയസ്റ്റ് വര്‍ക് പ്‌ളെയ്‌സ് അവാര്‍ഡിന് പുറമെ, പൊതുമേഖലയില്‍ നിന്നുള്ള അബുദാബി പൊലീസ്, പാരമൗണ്ട് കമ്പ്യൂട്ടര്‍ സിസ്റ്റംസ്, ബെസ്റ്റ് വര്‍ക്പ്‌ളേസ് ഡൈവേഴ്‌സിറ്റി ആന്‍ഡ് ഇന്‍ക്‌ളൂഷന്‍ പ്രോഗ്രാം എന്നീ അവാര്‍ഡുകളാണ് സമര്‍പ്പിച്ചത്. ബെസ്റ്റ് വര്‍കേഴ്‌സ് വെല്‍ഫെയര്‍ പ്രോഗ്രാം സെയിന്‍ ബിഎച്ച് ബിഎസ്‌സിക്കാണ് ലഭിച്ചത്. പാരമൗണ്ട് കമ്പ്യൂട്ടര്‍ സിസ്റ്റംസ് ആന്‍ഡ് വാട്ടര്‍മാര്‍ക്ക് ഇവന്റ്‌സ് സൊല്യൂഷന്‍ എല്‍എല്‍പിയെ ബെസ്റ്റ് വര്‍ക്പ്‌ളേസ് വെല്‍നസ് പ്രോഗ്രാം നല്‍കി ആദരിച്ചു.

''ഈ സ്ഥാപനങ്ങള്‍ തങ്ങളുടെ നടത്തിപ്പ് പോളിസികള്‍ കേന്ദ്രമാക്കി സന്തോഷകരമായ ജോലിസ്ഥലം സൃഷ്ടിക്കാനുള്ള തങ്ങളുടെ കടമ നിര്‍വഹിക്കുന്നു. അവര്‍ തീര്‍ച്ചയായും തങ്ങളുടെ സഹപ്രവര്‍ത്തകരുടെ ജീവിതത്തില്‍ ഒരു മാറ്റമുണ്ടാക്കി. അതാവട്ടെ, മറ്റുള്ളവര്‍ക്ക് പിന്തുടരാനും മാറാനും മാറ്റാനും നല്ല പാത തുറന്നു'' -ഹാപിനസ്@വര്‍ക് അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ഡോ. സാംദു ഛേത്രി പറഞ്ഞു.

ബെസ്റ്റ് എംപ്‌ളോയീ എന്‍ഗേജ്‌മെന്റ് പ്രോഗ്രാം വിഭാഗത്തിനുള്ള അവാര്‍ഡുകള്‍ അബുദാബി പൊലീസ്, ഫെസ്റ്റൂണ്‍, ആഫാഖ് ഇസ്‌ലാമിക് ഫിനാന്‍സ്, ബര്‍ജീല്‍ എന്നിവക്കാണ്. ബെസ്റ്റ് വര്‍ക് പ്‌ളേസ് ഡൈവേഴ്‌സിറ്റി ആന്‍ഡ് ഇന്‍ക്‌ളൂഷന്‍ പ്രോഗ്രാം ഹിറ്റാച്ചി എനര്‍ജി കരസ്ഥമാക്കി.