പെട്ടെന്ന് ശ്രദ്ധയില്‍പെടാത്ത തരത്തില്‍ വിദഗ്ധമായി ഒളിപ്പിച്ചിരുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ കസ്റ്റംസ് അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. 

ദോഹ: ഖത്തറിലേക്ക് നിരോധിത മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതരുടെ പരിശോധനയില്‍ പരാജയപ്പെട്ടു. ദോഹ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് പ്രവേശിച്ചയാളാണ് 4.916 കിലോഗ്രാം മയക്കുമരുന്ന് തന്റെ ലഗേജിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. പരിശോധനയില്‍ ഇവ ഹാഷിഷ് ആണെന്ന് തിരിച്ചറിഞ്ഞു.

യാത്രക്കാരന്റെ ബാഗില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പരിശോധന നടത്തിയത്. പെട്ടെന്ന് ശ്രദ്ധയില്‍പെടാത്ത തരത്തില്‍ വിദഗ്ധമായി ഒളിപ്പിച്ചിരുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ കസ്റ്റംസ് അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത സാധനങ്ങളും അറസ്റ്റിലായ വ്യക്തിയെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്‍തു. ഏതാനും ദിവസം മുമ്പ് ദോഹ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ എത്തിയ ഒരു യാത്രക്കാരന്റെ ബാഗില്‍ നിന്ന് സമാനമായ തരത്തില്‍ 3360 ലഹരി ഗുളികകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. 

നിരോധിത വസ്‍തുക്കള്‍ ഖത്തറിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കരുതെന്ന് നിരന്തരം മുന്നറിയിപ്പ് നല്‍കാറുള്ള കാര്യം ഖത്തര്‍ കസ്റ്റംസ് ഓര്‍മിപ്പിച്ചു. ഇത്തരം കള്ളക്കടത്ത് ശ്രമങ്ങള്‍ പ്രതിരോധിക്കാന്‍ ആവശ്യമായ അത്യാധുനിക ഉപകരണങ്ങളും നിരന്തര പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരും സദാ ജാഗരൂഗരാണെന്നും കള്ളക്കടത്തുകാരുടെ ശരീര ഭാഷയില്‍ നിന്നുപോലും അവരെ തിരിച്ചറിയാന്‍ സാധിക്കുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

Scroll to load tweet…


Read also:  മലയാളി ഭർത്താവ് കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു, ഭാര്യ ഫ്ലാറ്റിനകത്ത് മരിച്ച നിലയിൽ