ബെഡ് ഷീറ്റില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു.

ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടിച്ചെടുത്തു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. ബെഡ് ഷീറ്റില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. ആകെ 1.85 കിലോഗ്രാം ഭാരമുള്ള ഹാഷിഷ് ആണ് പിടിച്ചെടുത്തത്. ഇവയുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

Scroll to load tweet…

ഈ ആഴ്ച തുടക്കത്തില്‍ ഹമദ് തുറമുഖത്ത് നിന്ന് കസ്റ്റംസ് അധികൃതര്‍ നിരോധിത പുകയില പിടികൂടിയിരുന്നു. മിനി ഓവന് ഉള്ളില്‍ ഒളിപ്പിച്ച നിലയിലാണ് നിരോധിത ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. 87 കിലോഗ്രാം പുകയിലയാണ് പിടിച്ചെടുത്തത്. നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് എത്തുന്നത് തടയാന്‍ കര്‍ശന നടപടികളാണ് ഖത്തര്‍ അധികൃതര്‍ സ്വീകരിച്ച് വരുന്നത്.

Read More: കള്ളക്കടത്ത് നടത്തിയത് രണ്ട് ലക്ഷം രൂപയ്ക്കും ജോലിയ്ക്കും വേണ്ടിയെന്ന് പ്രവാസിയുടെ മൊഴി

അതേസമയം കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ റിയാദില്‍ തണ്ണിമത്തനില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഏഴു ലക്ഷത്തിലേറെ ലഹരി ഗുളികകള്‍ പിടിച്ചെടുത്തിരുന്നു. 765,000 ആംഫെറ്റാമൈന്‍ ഗുളികകളാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക് കണ്‍ട്രോള്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ടു സ്വദേശികളും മൂന്ന് സിറിയന്‍ പൗരന്മാരുമുള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലായതായി ഡയറക്ടറേറ്റ് ഔദ്യോഗിക വക്താവ് മേജര്‍ മുഹമ്മദ് അല്‍ നജിദി പറഞ്ഞു.

ഖത്തറിന്റെ ദേശീയ ചിഹ്നം വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു

പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ലഹരിമരുന്ന് കടത്താനുള്ള ശ്രമങ്ങള്‍ അധികൃതര്‍ പരാജയപ്പെടുത്തി വരികയാണ്. അടുത്തിടെ 47 മില്യന്‍ ആംഫെറ്റാമൈന്‍ ഗുളികകള്‍ കടത്താനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. രാജ്യാന്തര മാർക്കറ്റിൽ ഇവയ്ക്ക് 470 മില്യൺ മുതൽ ഒരു ബില്യൺ ഡോളർ വരെ വിലയുണ്ട്. രാജ്യത്ത് ഇത്തരത്തിൽ അറിയപ്പെടുന്ന ഏറ്റവും വലിയ കള്ളക്കടത്ത് ശ്രമമാണിത്. ആറ് സിറിയക്കാരെയും രണ്ട് പാകിസ്ഥാനികളെയും ഇതുമായി ബന്ധപ്പെട്ട് പിടികൂടിയതായി അധികൃതർ അറിയിച്ചിരുന്നു.