Asianet News MalayalamAsianet News Malayalam

'ഗള്‍ഫിലെ വിദ്വേഷ പ്രചരണം' അതിരുകടക്കുന്നു; വിവാദങ്ങള്‍ നയതന്ത്ര തലങ്ങളിലേക്ക്

ഇന്ത്യയെപ്പോലെ ഗള്‍ഫ് രാജ്യങ്ങളും കൊവിഡ് കെടുതികള്‍ നേരിട്ടുകൊണ്ടിരിക്കവെ സോഷ്യല്‍ മീഡിയ വഴിയുള്ള വിദ്വേഷ പ്രചരണങ്ങള്‍ അതിരുകടക്കുന്ന കാഴ്ചകളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി കാണുന്നത്. 

Hate propaganda in Gulf controversy  growing to diplomatic levels
Author
Dubai - United Arab Emirates, First Published Apr 22, 2020, 11:47 PM IST

ദുബായ്: ഇന്ത്യയെപ്പോലെ ഗള്‍ഫ് രാജ്യങ്ങളും കൊവിഡ് കെടുതികള്‍ നേരിട്ടുകൊണ്ടിരിക്കവെ സോഷ്യല്‍ മീഡിയ വഴിയുള്ള വിദ്വേഷ പ്രചരണങ്ങള്‍ അതിരുകടക്കുന്ന കാഴ്ചകളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി കാണുന്നത്. വര്‍ഗീയ വിഷം ചീറ്റുന്ന സോഷ്യല്‍ മീഡിയാ ആക്രമങ്ങള്‍ എല്ലാ മര്യാദകളും ലംഘിച്ച് മുന്നോട്ട് പോകുമ്പോള്‍ പതിവിന് വിപരീതമായി അറബ് പൗരന്മാരും ഗള്‍ഫിലെ പ്രമുഖ വ്യക്തിത്വങ്ങളും രാജകുടുംബാംഗങ്ങളുമൊക്കെ അതില്‍ ഇടപെടുകയും  ചെയ്യുന്നു. കര്‍ശന മുന്നറിയിപ്പുമായി വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളും അംബാസഡര്‍മാരും രംഗത്തെത്തിയിട്ടുമുണ്ട്.

എല്ലാ തരത്തിലുമുള്ള വിവേചനങ്ങള്‍ക്കുമെതിരാണ് ഇന്ത്യയുടെയും യുഎഇയുടെയും മൂല്യങ്ങളെന്നാണ് കഴിഞ്ഞ ദിവസം യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പ്രവാസികളെ ഓര്‍മപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിവേചനങ്ങള്‍ നമ്മുടെ ധാര്‍മിക ചട്ടക്കൂടിനും നിയമങ്ങള്‍ക്കും എതിരാണെന്നും യുഎഇയിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും എപ്പോഴും ഇത് ഓര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിന് പിന്നാലെ യുഎഇയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരിയും സമാനമായ അഭിപ്രയ പ്രകടനങ്ങള്‍ നടത്തി. സഹിഷ്ണുതയാണ് യുഎഇ മുന്നോട്ട് വെയ്ക്കുന്ന ആശയമെന്നും ഹിന്ദുക്ഷേത്രങ്ങള്‍ മാത്രമല്ല വിവിധ മതങ്ങളുടെ ആരാധനാലയങ്ങള്‍ വരെ അവിടെ നിര്‍മിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏത് മതത്തിനെതിരെ മോശമായ പരാമര്‍ശം നടത്തിയാലും അത് നേരിടാന്‍ ശക്തമായ നിയമങ്ങള്‍ അവിടെയുണ്ട്. ഇന്ത്യക്കാര്‍ നടത്തുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തില്‍ അസന്തുഷ്ടിയുള്ളവര്‍ക്ക് വളമേകും. ഇക്കാര്യത്തില്‍ ഇപ്പോഴത്തെ അംബാസഡര്‍ ഇന്ത്യക്കാര്‍ക്ക് നല്‍കിയ മുന്നറിയിപ്പും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും അറബികളെയും അവരുടെ സംസ്കാരത്തെയും അപമാനിക്കുന്ന പ്രചാരണങ്ങള്‍ വ്യാപകമായി തുടങ്ങിക്കഴിഞ്ഞു. അവിടുത്തെ നിയമ സംവിധാനങ്ങളെ കബളിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ ലൊക്കേഷന്‍ അടയാളപ്പെടുത്തണമെന്നതടക്കമുള്ള പ്രചരണങ്ങളും നടന്നു. വ്യാജ അക്കൗണ്ടുകള്‍ വഴി നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ ഖത്തറിലെ ഇന്ത്യന്‍ എംബസിയും ഇന്ന് രംഗത്തെത്തി. വ്യാജ അക്കൗണ്ടുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് എംബസിയുടെ മുന്നറിയിപ്പ്. സമാനമായ പ്രതികരണം ഒമാനിലെ ഇന്ത്യന്‍ എംബസിയും നടത്തിയിട്ടുണ്ട്. ഇംഗ്ലീഷിന് പുറമെ അറബിയിലും ഒമാന്‍ എംബസി ഇക്കാര്യം ട്വീറ്റ് ചെയ്തു. വിദ്വേഷ പ്രചാരണവും മതങ്ങള്‍ മുന്‍നിര്‍ത്തിയുള്ള അവഹേളനവും നയതന്ത്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട വിഷയങ്ങളായി മാറിയെന്നതാണ് ഏറ്റവുമൊടുവിലത്തെ സ്ഥിതി.

നിസാമുദ്ദീന്‍ തബ്‍ലീഗ് സമ്മേളനത്തോടുബന്ധിച്ചുള്ള വിദ്വേഷ പ്രചാരണങ്ങളോടെയാണ് ഇപ്പോഴത്തെ രൂക്ഷമായ അവഹേളങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും തുടക്കമായത്.  മതങ്ങളെ അവഹേളിക്കുന്ന തരത്തില്‍ നിരവധി പ്രവാസികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി. യുഎഇയില്‍ ഏതാനും പേര്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങളുടെ പേരില്‍ നടപടികള്‍ നേരിടുകയും ചിലര്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്തു. പക്ഷേ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള വര്‍ഗീയ പരാമര്‍ശങ്ങളും അവഹേളനങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങള്‍ പരിധി ലംഘിച്ചതോടെ സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി അറബ് ലോകത്തെ ബുദ്ധിജീവികളും സാസ്കാരിക പ്രമുഖരുമെല്ലാം രംഗത്തെത്തുകയും ചെയ്തു. സൗരഭ് ഉപാധ്യായ എന്നയാളുടെ വിദ്വേഷപരമായ ട്വീറ്റിനോട് രൂക്ഷമായി പ്രതികരിച്ച് യുഎഇയിലെ പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും രാജകുടുംബാംഗവുമായ ശൈഖ ഹിന്‍ത് ബിന്‍ത് ഫൈസല്‍ അല്‍ ഖാസിമി രംഗത്തെത്തി. ഇതിന് പിന്നാലെ യുഎഇയിലെ പ്രമുഖരടക്കം ഇത്തരം പ്രവണതകള്‍ക്കെതിരെ രംഗത്തെത്തിയതോടെ ഇയാളുടെ ട്വിറ്റര്‍ അക്കൌണ്ട് അപ്രത്യക്ഷമായി.

വംശീയ വിദ്വേഷവും വിവേചനവും പ്രകടിപ്പിക്കുന്നവര്‍ യുഎഇയില്‍ നിന്ന് പുറത്ത് പോകേണ്ടിവരുമെന്നും. ഇന്ത്യക്കാരുമായി യുഎഇ രാജകുടുംബത്തിന് നല്ല ബന്ധമാണുള്ളതെങ്കിലും മര്യാദയില്ലാത്ത പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ശൈഖ ഹിന്‍തിന്റെ മുന്നറിയിപ്പ്.  ജോലി ചെയ്യുന്നവര്‍ക്കെല്ലാം ശമ്പളം നല്‍കുന്നുണ്ട്. ആരും സൗജന്യമായി ജോലി ചെയ്യുകയല്ല. അന്നം നല്‍കുന്ന രാജ്യത്തെയാണ് അപമാനിക്കുന്നതെന്നും അവര്‍ ഓര്‍മിപ്പിച്ചു.

അറബ് സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചുവയുന്ന പരാമര്‍ശം നടത്തിയ കര്‍ണാടകയിലെ ബിജെപി എംപി തേജസ്വി സൂര്യയുടെ ട്വീറ്റും അറബ് ലോകത്ത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീന്‍ഷോട്ട് ശ്രദ്ധയില്‍പെട്ട അറബ് സാംസ്കാരിക പ്രവര്‍ത്തകരും നിയമജ്ഞരുമെല്ലാം എംപിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സന്ദേശമയച്ചു. ഏതെങ്കിലും ഒരു ഘട്ടത്തില്‍ അറബ് രാജ്യങ്ങളിലേക്ക് വരാന്‍ അവസരം ലഭിച്ചാല്‍ അതിന് തയ്യാറാവരുതെന്നും നിങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്നുമാണ് യുഎഇയിലെ പ്രമുഖ വനിതാ സംരംഭകയായ നൂറ അല്‍ ഗുറൈര്‍ ട്വിറ്ററില്‍ കുറിച്ചത്.

മതവിദ്വേഷം പരത്തുന്ന തരത്തിലുള്ള ഫേസ്‍ബുക്ക് പോസ്റ്റിന്റെ പേരില്‍ മലയാളി വ്യവസായിയും സിനിമാ സംവിധായകനുമായ സോഹന്‍ റോയും വ്യാപക പ്രതിഷേധമേറ്റുവാങ്ങി. വിഡ്ഡി ജന്മം എന്ന പേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവിതയുടെ മുഖചിത്രമായി പള്ളിയില്‍ നിന്ന് വരുന്ന മുസ്ലിം വേഷധാരികളുടെ ചിത്രമാണ് അദ്ദേഹം ഉപയോഗിച്ചത്. മതഭാഷിയുടെ നിര്‍ദേശാനുസരണം നാട്ടില്‍ അണുക്കള്‍ പരത്തുന്നുവെന്ന പരാമര്‍ശത്തിന് പുറമെ നിസാമുദ്ദീന്‍ സംഭവം പ്രതിപാദിക്കുന്ന ഹാഷ്‍ടാഗുകളും അദ്ദേഹം ഉപയോഗിച്ചു. വ്യാപക പ്രതിഷേധമുയര്‍ന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് അദ്ദേഹം ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞു. തന്റെ ഗ്രാഫിക് ഡിസൈനറിന് പറ്റിയ പിഴവാണെന്നും മറ്റ് മതവിഭാഗങ്ങള്‍ നടത്തിയ ആള്‍ക്കൂട്ടങ്ങള്‍ കൂടി ഉദ്ദേശിച്ചായിരുന്നു കവിതയെന്നും അദ്ദേഹം വിശദീകരിച്ചു.

മറ്റ് നിരവധി സോഷ്യല്‍മീഡിയാ പോസ്റ്റുകളും  അറബ് പൗരന്മാരുടെയും സാംസ്കാരിക നേതാക്കളുടെയും വിമര്‍ശനങ്ങളേറ്റുവാങ്ങി. ജാതി, മതം, വര്‍ഗം, വര്‍ണം എന്നിങ്ങനെയുള്ള വിഭാഗീതയകളൊന്നും നോക്കാതെയാണ് കൊവിഡ് ബാധിക്കുന്നതെന്ന പ്രധാമന്ത്രിടെ ട്വീറ്റിന് ചുവടെ ഇത്തരത്തില്‍ വിദ്വേഷ പ്രചരണം നടത്തുന്ന ഇന്ത്യക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും അറബ് ലോകത്ത് നിന്ന് നിരവധി പ്രതികരണങ്ങളുണ്ടായി. എല്ലാ പരിധികളും ലംഘിക്കുന്ന വര്‍ഗീയ ധ്രുവീകരണമാണ് നടക്കുന്നതെന്ന് മനസിലാക്കിയ വിവിധ രാജ്യങ്ങളെ ഇന്ത്യന്‍ അംബാസഡര്‍മാര്‍ പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളുമായി പതിറ്റാണ്ടുകളോളം ഉറ്റ സൌഹൃദമാണ് ഇന്ത്യ കാത്തുസൂക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റശേഷം ആ ബന്ധം കൂടുതല്‍ ഊഷ്മളമാവുകയും ചെയ്തു. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുമായി അദ്ദേഹത്തിന് ഉറ്റ സൌഹൃദമാണുള്ളത്. യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയും മോദിക്ക് ആ രാജ്യത്തെ ഭരണകൂടം സമ്മാനിച്ചു. 

കൊവിഡ് പ്രതിരോധത്തിലും ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. കുവൈത്തിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ തന്നെ ഇന്ത്യ അയച്ചപ്പോള്‍ യുഎഇയുടെ അപേക്ഷ പരിഗണിച്ച് 55 ലക്ഷം ഹൈഡ്രോക്സി ക്ലോറിക്വിന്‍ ഗുളികകള്‍ കയറ്റി അയക്കുകയും ചെയ്തു. ഊഷ്മളമായ സൗഹൃദം നിലനില്‍ക്കുന്ന രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധത്തിനിടയിലെ ഈ പുതിയ സംഭവ വികാസങ്ങളെ ഏത് നിലയില്‍ കൈകാര്യം ചെയ്യുമെന്നതാണ് പ്രധാനം.

Follow Us:
Download App:
  • android
  • ios