മനാമ: ആരാധനാ സ്ഥലത്ത് വെച്ചുനടത്തിയ പ്രസംഗത്തിനിടെ മുഹമ്മദ് നബിയുടെ അനുചരന്മാരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ബഹ്റൈനില്‍ ഇന്ന് വിചാരണ തുടങ്ങും. അഹ്‍മദ് അബ്ദുല്‍ അസീസ് അല്‍ മഹ്‍ദി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മൈനര്‍ ക്രിമിനല്‍ കോടതി ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കുമെന്ന് ക്യാപിറ്റര്‍ ഗവര്‍ണറേറ്റ് ചീഫ് പ്രോസിക്യൂട്ടര്‍ അബ്ദുല്ല അല്‍ തവാദി പറഞ്ഞു.

കേസില്‍ അറസ്റ്റിലായയാളെ പ്രോസിക്യൂഷന്‍ ചോദ്യം ചെയ്കതുവെന്നും കുറ്റം ചെയ്തത് തെളിയിക്കാനാവശ്യമായ തെളിവുകളുണ്ടെന്നും അധികൃതരെ ഉദ്ധരിച്ച് ന്യൂസ് ഓഫ് ബഹ്റൈന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാര്‍ത്ഥനയുടെ ഭാഗമായി വിശ്വാസികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് നബിയുടെ അനുചരന്മാരെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് ഇയാള്‍ സംസാരിച്ചത്. ഭരണഘടനയ്ക്കും നിയമത്തിനും അനുസൃതമായാണ് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ മതത്തെയോ മതചിഹ്നങ്ങളെയോ അപമാനിക്കുകയോ വിഭാഗീയത വളര്‍ത്തുകയോ ചെയ്യാന്‍ പാടില്ല. - ചീഫ് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ഖലീഫമാരെ അപമാനിക്കുന്ന പരാമര്‍ശങ്ങളാണ് ഇയാള്‍ നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഇയാളെ ഹൂറ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രത്യേക വിഭാഗത്തിന്റെ മതചിഹ്നങ്ങളെ പരസ്യമായി അപമാനിക്കുന്നത്  ബഹ്റൈന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകരമാണ്. പൊതുസമാധാനത്തിന് ഭീഷണിയാവുന്ന തരത്തില്‍ തീവ്രവാദപരവും രാജ്യദ്രോഹപരവുമായ പ്രവണതകളെ അല്‍ മഹ്ദി പ്രോത്സാഹിപ്പിച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല്‍ പരമാവധി ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷയോ അല്ലെങ്കില്‍ 300 ബഹ്റൈന്‍ ദിനാര്‍ (55,000ല്‍ അധികം ഇന്ത്യന്‍ രൂപ) പിഴയോ ആണ് ശിക്ഷ ലഭിക്കുക.