മസ്‌കറ്റ്: അശ്ലീല ചിത്രങ്ങള്‍ക്കും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി ഒമാന്‍. ഇന്റര്‍നെറ്റ് അല്ലെങ്കില്‍ മറ്റ് വിവര സാങ്കേതിക വിദ്യാ സംവിധാനങ്ങള്‍ ഉപയോഗിച്ച് പോണോഗ്രഫി സൃഷ്ടിക്കുന്ന, പ്രദര്‍ശിപ്പിക്കുന്ന, പ്രസിദ്ധീകരിക്കുന്ന, വാങ്ങുന്ന, വില്‍ക്കുന്ന അല്ലെങ്കില്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷം വരെ ജയില്‍ശിക്ഷയോ 1,000 റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കും.

ഒമാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഓണ്‍ലൈന്‍ പ്രസ്താവനയിലാണ് ഇക്കാര്യം വിശദമാക്കിയത്. അംഗീകൃത ശാസ്ത്ര, കലാപരമായ ആവശ്യങ്ങള്‍ക്കായി പോണോഗ്രഫിക് മെറ്റീരിയലുകള്‍ ഉപയോഗിക്കുന്നത് ഒഴികെ അശ്ലീല ചിത്രങ്ങളും വീഡിയോകളും നിര്‍മ്മിക്കുന്നതും, വിതരണം ചെയ്യുന്നതും, പ്രസിദ്ധീകരിക്കുന്നതും വില്‍ക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണ്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളോ വീഡിയോകളോ ആണെങ്കില്‍ ശിക്ഷ കടുപ്പിക്കും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് മൂന്നുവര്‍ഷം വരെ തടവു ശിക്ഷയോ 5,000 റിയാല്‍ വരെ പിഴയോ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കും.