അബുദാബി: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് അബൂദാബി പൊലീസ് വ്യാപകമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. വിവിധ നിയമലംഘനങ്ങളും അവയ്ക്ക് ലഭിക്കാവുന്ന ശിക്ഷയും വ്യക്തമാക്കി സാമൂഹിക മാധ്യമങ്ങളിലൂടെയും വലിയ പ്രചരണം പൊലീസ് നടത്തിവരികയാണ്. റോഡില്‍ നിരവധിപ്പേര്‍ അവഗണിക്കുന്നൊരു നിയമ ലംഘനത്തെക്കുറിച്ച് അവബോധം പകരുന്ന വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടത്. 
 

വശങ്ങളിലേക്ക് വാഹനം തിരിയ്ക്കുമ്പോഴും റോഡിലെ ലേനുകള്‍ മാറുമ്പോഴും ഇന്റിക്കേറ്ററുകള്‍ പ്രകാശിപ്പിക്കാത്തവരില്‍ നിന്ന് 400 ദിര്‍ഹം പിഴ ഈടാക്കുമെന്നാണ് പൊലീസിന്റെ അറിയിപ്പ്. യുഎഇ റോഡ് സേഫ്റ്റി വിഭാഗം നടത്തിയ പഠനമനുസരിച്ച് 47 ശതമാനം പേരും ആവശ്യമായ സമയങ്ങളില്‍ ഇന്റിക്കേറ്ററുകള്‍ ഉപയോഗിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായി റോഡിലെ ലേന്‍ മാറുന്ന ഡ്രൈവര്‍മാരാണ് കഴിഞ്ഞ വര്‍ഷം യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവുമധികം അപകട മരങ്ങളുടെ കാരണക്കാരെന്നും കണക്കുകള്‍ പറയുന്നു. 59 പേരാണ് കഴിഞ്ഞ ഒരു വര്‍ഷം മാത്രം ഇത്തരം അപകടങ്ങളില്‍ മരിച്ചത്. 495 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലേന്‍ മാറുന്നതിന് പുറമെ ഹൈവേയിലേക്ക് പ്രവേശിക്കുമ്പോള്‍, ഹൈവേകളില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍,  ജംഗ്ഷനുകളില്‍, 4 വേ ജംഗ്ഷനുകള്‍, റൗണ്ട് എബൗട്ടുകള്‍ എന്നിവിടങ്ങളിലൊന്നും പലരും ഇന്റിക്കേറ്ററുകള്‍ ഉപയോഗിക്കാറില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.