Asianet News MalayalamAsianet News Malayalam

യുഎഇയില്‍ കനത്ത മഴ; മരുഭൂമിയെ മഞ്ഞുപുതപ്പിച്ച് ആലിപ്പഴ വര്‍ഷം, ജാഗ്രതാ നിര്‍ദ്ദേശം

രാജ്യത്ത് മിക്കയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളില്‍ അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചു. രാജ്യത്താകെ താപനിലയില്‍ ഗണ്യമായ കുറവാണ് ഉണ്ടായത്.

heavy rain and hail in uae
Author
First Published Feb 12, 2024, 3:29 PM IST

അബുദാബി: യുഎഇയില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും. പുലര്‍ച്ചെയാണ് ആലിപ്പഴ വര്‍ഷമുണ്ടായത്. മഴയ്ക്കൊപ്പം ഇടിയും മിന്നലുമുണ്ടായിരുന്നു. അല്‍ ഐന്‍, അല്‍ വത്ബ മേഖല, അബുദാബിയിലെ ബനി യാസ് എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തതെന്ന് നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. 

സ്കൂളുകളില്‍ വിദൂര പഠനമാണ് നടക്കുന്നത്. സ്വകാര്യ കമ്പനികളടക്കം വര്‍ക്ക് ഫ്രം ഹോം സ്വീകരിച്ചിട്ടുണ്ട്. രാജ്യത്ത് മിക്കയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളില്‍ അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചു. രാജ്യത്താകെ താപനിലയില്‍ ഗണ്യമായ കുറവാണ് ഉണ്ടായത്. ബീച്ചുകളും താഴ്വാരങ്ങളും തടാകങ്ങളും വെള്ളക്കെട്ടുള്ള സ്ഥലങ്ങളും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അറിയിപ്പില്‍ പറയുന്നു. വാഹനമോടിക്കുന്നവര്‍ വേഗപരിധി പാലിക്കണമെന്ന് അബുദാബി പൊലീസിന്‍റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോളിങ് ആവശ്യപ്പെട്ടു. 

Read Also - ഏഴാം വരവ് കളറാകും, മോദിയെ കാണാൻ അരലക്ഷത്തിലേറെ പേര്‍; ഒരുക്കങ്ങൾ പൂര്‍ണം, വൻ സ്വീകരണം നൽകാൻ യുഎഇയിലെ പ്രവാസികൾ

അതേസമയം പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഒമാനിൽ തിങ്കളാഴ്ച പൊതു ഒഴിവ്  പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമാനിൽ നിലനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ഒമാനിലെ തൊഴിൽ മന്ത്രാലയമാണ് 2024 ഫെബ്രുവരി 12 ന് പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചത്.

ഒമാനിലെ എല്ലാ സ്കൂളുകളും തിങ്കളാഴ്ച അടച്ചിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലെയും ക്ലാസുകൾ 2024 ഫെബ്രുവരി 12 തിങ്കളാഴ്ച നിർത്തി വെക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സ്കൂളുകൾക്കും തീരുമാനം ബാധകമാണ്. ഫെബ്രുവരി 13 ചൊവ്വാഴ്ച ക്ലാസുകൾ പുനരാരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 

ഒമാനില്‍ ഞായറാഴ്ച മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ഫെബ്രുവരി 11 മുതല്‍ 14 വരെയാണ് രാജ്യത്ത് ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയുള്ളതായി അറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്കന്‍ ഗവര്‍ണറേറ്റുകളിലും അല്‍ വുസ്ത ഗവര്‍ണറേറ്റിന്‍റെ ഭാഗങ്ങളിലും വ്യത്യസ്ത അളവിലുള്ള മഴ പെയ്തേക്കും. വാദികള്‍ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. കാലാവസ്ഥ അറിയിപ്പുകളും മറ്റ് വിവരങ്ങളും പൗരന്മാരും താമസക്കാരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios