കുവൈത്തിൽ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. വെള്ളിയാഴ്ച മിതമായ തോതിൽ മഴ ലഭിക്കും. ശനി രാത്രിയും ഞായറും ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില സമയങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ദറാർ അൽ അലി വ്യക്തമാക്കി. ഉപരിതലത്തിലെ ന്യൂനമർദ്ദവും അന്തരീക്ഷത്തിന്റെ മുകൾത്തട്ടിലെ അതിശൈത്യവുമുള്ള വായുപ്രവാഹവും ഒത്തുചേരുന്നതാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം.
വെള്ളിയാഴ്ച മിതമായ തോതിൽ മഴ ലഭിക്കും. ശനി രാത്രിയും ഞായറും ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മഴ കുറഞ്ഞേക്കും. മണിക്കൂറിൽ 12 മുതൽ 38 കിലോമീറ്റർ വരെ വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് വീശും. ശനിയാഴ്ച കാറ്റിന്‍റെ വേഗത 50 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിനെത്തുടർന്ന് കടലിൽ തിരമാലകൾ ആറ് അടിയിൽ കൂടുതൽ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. താപനില കുറയുന്നതിനൊപ്പം കഠിനമായ തണുപ്പും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ സൂചിപ്പിക്കുന്നു.


