വാദികൾ നിറഞ്ഞൊഴുകുന്ന സാഹചര്യത്തിൽ റോയൽ ഒമാൻ പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

മസ്‍കത്ത്: ന്യൂനമർദത്തിന്റെ സ്വാധീനം നിലനിൽക്കുന്ന ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുന്നു. മസ്‌കറ്റ്, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ ദാഹിറ, അൽ ദഖിലിയ എന്നീ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിലാണ് ഇടിമിന്നലോടെയുള്ള മഴ ലഭിച്ചത്. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്ന് ഒമാൻ സിവിൽ എവിയേഷൻ അതോറ്റിയുടെ കീഴിലുള്ള നാഷണൽ ഏ‍ർലി വാണിങ് സെന്റർ ഫോർ മൾട്ടിപ്പിൾ ഹസാ‍ർഡ്സ് അറിയിച്ചു. പൊതു ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.

Add Asianetnews as a Preferred SourcegooglePreferred

പലയിടങ്ങളിലും വെള്ളം കയറിയതായി റിപ്പോർട്ടുകളുണ്ട്. നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ നിയാബത്ത് സമദ് അൽ ഷാനിൽ കുട്ടികളെയും കൊണ്ടുപോവുകയായിരുന്ന സ്കൂൾ ബസ് വാദിയിലെ വെള്ളക്കെട്ടിൽ കുടുങ്ങി. ഇവിടെ നിന്ന് രണ്ട് പേരെ രക്ഷിച്ചതായി റോയ‌‌ൽ ഒമാൻ പൊലീസ് അറിയിച്ചു. കാണാതായവർക്കായി തെരച്ചിൽ തുടരുന്നുണ്ട്. രക്ഷപ്പെടുത്തിയ രണ്ട് പേരെ ഇബ്ര ആശുപത്രിയിലേക്ക് മാറ്റി. ഇബ്ര വിലായത്തിൽ 27 പേരെയും കൊണ്ടുപോവുകയായിരുന്ന ഒരു സ്കൂൾ ബസ് വാദിയിൽ കുടുങ്ങിയെന്നും മറ്റൊരു സംഭവത്തിൽ നിസ്‍വ വിലായത്തിൽ 21 വിദ്യാർത്ഥികൾ വെള്ളക്കെട്ടിൽ ബസിനുള്ളിൽ അകപ്പെട്ടുവെന്നും ഔദ്യോഗിക അറിയിപ്പുകളിൽ പറയുന്നു. 

നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ അൽ മുദൈബി വിലായത്തിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പ്രദേശവാസികളാണ് ഇവിടെ നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്. അതിശക്തമായ മഴ പെയ്ത നോർത്ത് അൽ ശർഖിയയിൽ പലയിടങ്ങളിലും വെള്ളം കയറി. വാദികളിഷ വെള്ളം നിറ‌ഞ്ഞ് ഒഴുകുകയാണ്. ഇവിടെയുള്ള ഒരു റൗദ സ്കൂളിൽ വെള്ളം കയറിയെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നോർത്ത് അൽ ശർഖിയയിലെ വിദ്യാഭ്യാസ ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇവിടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ റോയൽ ഒമാൻ പൊലീസിന്റെ സഹായം തേടുകയായിരുന്നു.

 ഞായറാഴ്ച പുലർച്ചെ മൂന്ന് മണി മുതൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയും കാറ്റും ഇടിമിന്നലും ആലിപ്പഴ വർഷവും പ്രതീക്ഷിക്കണമെന്ന് കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോഴത്തെ കാലാവസ്ഥ മൂന്ന് ദിവസം കൂടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം