മസ്കത്ത്‌: ഒമാനിൽ ചൊവ്വാഴ്ചവരെ കനത്ത മഴയും കാറ്റും തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധഭാ​ഗങ്ങളിൽ ഞായറാഴ്ച മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. കനത്ത മഴയും കാറ്റും മൂലം വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഏവിയേഷന്‍ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രണ്ടുദിവസമായി രാജ്യത്ത് കനത്ത മഴ തുടരുകയാണ്. നിസ്വ, ബഹ്‌ല, അൽ അവാബി, ഇബ്രി, ദങ്ക്, യങ്കൽ, സുഹാർ, ഇബ്ര, ജബൽ അഖ്ദർ, ബിർകത്ത് അൽ മൗസ്, ജബൽ ശംസ് തുടങ്ങി വിവിധ ഇടങ്ങളിലാണ് പെയ്തത്. ഞായറാഴ്ച അൽ ദാഹിറ, അൽ ബുറൈമി, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, മസ്കത്ത്, അൽ ദാഖിലിയ, നോർത്ത് അൽ ശർഖിയ എന്നിവിടങ്ങളിൽ 30 മില്ലീമീറ്റർ മുതൽ 60 മില്ലിമീറ്റർ വരെ മഴ ലഭിക്കും.

അടുത്ത രണ്ടു ദിവസം വിവിധ ഇടങ്ങളില്‍ കനത്ത മഴ പെയ്യുമെന്നതിനാൽ ജനങ്ങൾ ജാ​ഗ്രത നിർദ്ദേശം പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. തീര പ്രദേശങ്ങളിൽ വിനോദങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.