ദുബായ്: ചൊവ്വാഴ്ച വരെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മോശം കാലാവസ്ഥായെ തുടര്‍ന്ന് അപകടകരമായ സ്ഥിതിവിശേഷമുണ്ടാവുകയാണെങ്കില്‍ സ്കൂളുകളില്‍ നേരത്തെ ക്ലാസ് അവസാനിപ്പിക്കാനും അവധി നല്‍കാനും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

താഴ്‍വരകളിലും റോഡുകളിലും വെള്ളം നിറഞ്ഞ് വഴിയില്‍ കുടുങ്ങാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്കൂളുകളിലെ അഡ്‍മിനിസ്‍ട്രേറ്റീവ് ജീവനക്കാര്‍ക്കും നേരത്തെ വീടുകളിലേക്ക് പോകാം. മോശം കാലാവസ്ഥ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ സ്കൂളുകള്‍ക്കാണ്  ഇത്തരത്തില്‍ പ്രത്യേക അവധി അനുവദിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂള്‍ ഓപ്പറേഷന്‍സ് സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫൗസിയ ഗാരിബ് അറിയിച്ചു. ശനിയാഴ്ച രാജ്യത്തിന്റെ തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ മഴയുണ്ടാകുമെന്നാണ് പ്രവചനം. ചില സ്ഥലങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്.