ഇന്ത്യയിൽ പലയിടങ്ങളിലും കനത്ത മഴയാണ്. ഇത് ദില്ലി വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകളെ ബാധിച്ചിട്ടുണ്ട്
ദുബൈ: ഇന്ത്യയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നുണ്ടെങ്കിലും യുഎഇ- ഇന്ത്യ വിമാന സർവീസുകളെ ഇത് ബാധിച്ചിട്ടില്ല. നിശ്ചയിച്ചിട്ടുള്ള ഷെഡ്യൂൾ പ്രകാരം വിമാന സർവീസുകൾ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ പലയിടങ്ങളിലും കനത്ത മഴയാണ്. ഇത് ദില്ലി വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകളെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുഎഇയിൽ നിന്നും ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർ ആശങ്കയിലായിരുന്നു. ഇതോടെയാണ് മഴ യുഎഇ-ഇന്ത്യ വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.
യുഎഇ എയർലൈൻസുകളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ എന്നിവയുടെ ഔദ്യോഗിക വക്താക്കൾ പറയുന്നത് ഇന്ത്യയിലെ പ്രതികൂല സാഹചര്യം വിമാന സർവീസുകളെ നേരിട്ട് ബാധിക്കില്ല എന്നാണ്.
ദില്ലിയിൽ മഴ തുടരുന്നതിനാൽ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ദില്ലി വിമാനത്താവളത്തിലേക്കുള്ള നിരവധി ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തതായി ഇന്ത്യയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദില്ലി, പൂന, ഗോവ, ബാംഗ്ലൂർ, കേരളം തുടങ്ങി ഇന്ത്യയിലെ പ്രധാനപ്പെട്ടയിടങ്ങളിലെല്ലാം കനത്ത മഴ തുടരുകയാണ്. ബാംഗ്ലൂരിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ മഴ മെയ് 27 വരെ തുടരും. കേരളത്തിലെ മിക്ക ജില്ലകളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അലർട്ടുകൾ പുറപ്പെടുവിച്ചിരിക്കുകയാണ്.


