യുഎഇ: കനത്ത മഴയെ തുടര്‍ന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തെ ചില വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി നല്‍കി. ട്വിറ്ററിലൂടെയാണ് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുന്നതായി മന്ത്രാലയം അറിയിച്ചത്. കാലാവസ്ഥയും റോഡിന്‍റെ അവസ്ഥയും കണക്കിലെടുത്ത്, ക്ലാസ് നടത്തണോ അവധി നല്‍കണോയെന്ന കാര്യത്തില്‍ വിദ്യാലയങ്ങള്‍ക്ക് തീരുമാനമെടുക്കാം.

കനത്ത മഴയെത്തുടര്‍ന്ന് രാജ്യത്തെ പ്രധാന റോഡുകളില്‍ വെള്ളം കയറി. അബുദാബി - അല്‍ ഐന്‍ റോഡ്,  അല്‍ ദര്‍ഫ, ഫുജൈറ, സ്വൈഹാന്‍, ഹത്ത തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തന്നെ രാവിലെ മുതലെ കനത്ത മഴയായിരുന്നു. ഇതേ തുടര്‍ന്ന് റോഡുകളിലെല്ലാം വെള്ളം കയറിക്കഴിഞ്ഞു. 

അറബിന്‍ക്കടലില്‍ മഴമേഘങ്ങള്‍ രൂപപ്പെടുന്നതായി നേരത്തെ നാഷണല്‍ മീറ്ററോളജി അറിയിപ്പ് നല്‍കിയിരുന്നു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും. ഇടിമിന്നലോട് കൂടിയ കനത്തമഴയും ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. താഴ്വാരങ്ങളിലെയും വെള്ളം കയറുന്ന താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ആളുകളോട് ഒഴിഞ്ഞ് പോകാനും ഇത്തരം സ്ഥലങ്ങളിലേക്ക് ഡ്രൈവിങ്ങ് ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.