തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനത്ത് നാളെ ഉന്നതതല യോഗം. ഏഴാം തീയ്യതി മുതല്‍ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്.  മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ രാവിലെ 10 മണിക്കായിരിക്കും യോഗം. പ്രവാസികളെ എങ്ങനെയായിരിക്കും എത്തിക്കുകയെന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം വന്നശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഇന്ന് വൈകുന്നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നത്.

വിദേശത്തുകുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ആദ്യ വിമാനം യുഎഇയില്‍ നിന്നായിരിക്കുമെന്നാണ് ഉന്നതതല വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഈയാഴ്ച തന്നെ സര്‍വീസുകളുണ്ടാവും. അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ എത്തിക്കാന്‍ പ്രത്യേക വിമാന സര്‍വീസുകള്‍ ആരംഭിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രവാസികളെ മടക്കി കൊണ്ടു വരാനുള്ള നടപടികൾക്ക് വ്യാഴാഴ്ച തുടക്കം കുറിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. പ്രവാസികളെ എങ്ങനെ മടക്കി കൊണ്ടു വരണം എന്ന കാര്യത്തിൽ വിശദമായ മാർഗ്ഗനിർദേശം പുറപ്പെടുവിക്കണമെന്നും വിമാനങ്ങളും കപ്പലുകളും ഇതിനായി ഉപയോഗപ്പെടുത്തണമെന്നും യാത്രചിലവ് തിരികെ മടങ്ങുന്നവർ തന്നെ വഹിക്കേണ്ടി വരുമെന്നും ഉത്തരവിലുണ്ട്. 

മെയ് ഏഴ് മുതലാവും പ്രവാസികളെ മടക്കി കൊണ്ടു വരിക. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവും നടപടികള്‍. തിരികെ വരുന്നതിനുള്ള മാനദണ്ഡങ്ങളും തിരികെ കൊണ്ടു വരേണ്ടവരുടെ പട്ടികയും വിദേശകാര്യമന്ത്രാലയം തയ്യാറാക്കും. കൃത്യമായി സ്ക്രീനിംഗ് നടത്തി കൊവിഡ് രോഗലക്ഷണങ്ങളില്ല എന്നുറപ്പ് വരുത്തിയ ശേഷമായിരിക്കും പ്രവാസികളെ മടക്കി കൊണ്ടുവരിക. വാണിജ്യ വിമാന സര്‍വീസുകള്‍ക്ക് പകരം പ്രത്യേക വിമാന സര്‍വീസുകളായിരിക്കും നടത്തുക. മേയ് ഏഴ് മുതല്‍ ഘട്ടം ഘട്ടമായി വിവിധ രാജ്യങ്ങളിലെ പ്രവാസികളെ ഇന്ത്യയിലെത്തിക്കും.

വിമാനത്തില്‍ കയറുന്നതിന് മുമ്പ് എല്ലാവരെയും മെഡിക്കല്‍ സ്ക്രീനിങിന് വിധേയമാക്കും. തുടര്‍ന്ന് രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമായിരിക്കും യാത്രാ അനുമതി. യാത്രയിലും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിക്കണം. ഇന്ത്യയിലെത്തിയ ഉടന്‍ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. തിരിച്ചെത്തിയ ശേഷവും പരിശോധനയ്ക്ക് വിധേയമാക്കും. തിരിച്ചെത്തുന്ന എല്ലാവരും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണം. പ്രവാസികള്‍ തിരികെ എത്തുമ്പോള്‍ സ്വീകരിക്കേണ്ട ഒരുക്കങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.