രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും അന്ന് അവധിയായിരിക്കുമെന്നാണ് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. 

കുവൈത്ത് സിറ്റി: ഹിജ്റ വര്‍ഷാരംഭത്തോടനുബന്ധിച്ച് കുവൈത്തിലെ പൊതുമേഖലയ്ക്ക് ജൂലൈ 31 ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും അന്ന് അവധിയായിരിക്കുമെന്നാണ് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. അവധിക്ക് ശേഷം ഓഗസ്റ്റ് ഒന്ന് തിങ്കളാഴ്ച മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പൊതുസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കും. 

ഹിജ്റ വര്‍ഷാരംഭം; ഒമാനില്‍ അവധി പ്രഖ്യാപിച്ചു
മസ്‍കത്ത്: ഹിജ്റ വര്‍ഷാരംഭം പ്രമാണിച്ച് ഒമാനില്‍ ജൂലൈ 31ന് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതു, സ്വകാര്യ മേഖകളിലെ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് അവധി ബാധകമായിരിക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. മുഹറം ഒന്നാം തീയ്യതിയാണ് ഹിജ്റ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആരംഭിക്കുന്നത്. ഹജ്ജ് കര്‍മം നടക്കുന്ന അറബി മാസമായ ദുല്‍ഹജ്ജ് പൂര്‍ത്തിയാകുന്നതോടെ ഹിജ്റ വര്‍ഷം 1443 അവസാനിക്കുകയും, മുഹറം ഒന്നാം തീയ്യതി ഹിജ്റ വര്‍ഷം 1444 ആരംഭിക്കുകയും ചെയ്യും.

Scroll to load tweet…

ഒമാനില്‍ നിരോധിത വര്‍ണങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്‍ത പട്ടങ്ങള്‍ പിടിച്ചെടുത്തു
മസ്‍കത്ത്: ഒമാനില്‍ നിരോധിത ചിത്രങ്ങളും വര്‍ണങ്ങളും ആലേഖനം ചെയ്‍ത പട്ടങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയാണ് നടപടിയെടുത്തത്. വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 3500ലേറെ പട്ടങ്ങള്‍ പിടിച്ചെടുത്തതായാണ് ഔദ്യോഗിക പ്രസ്‍താവനയില്‍ വ്യക്തമാക്കുന്നത്.

ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു കഴിഞ്ഞ ദിവസം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അധികൃതര്‍ പരിശോധനയ്‍ക്ക് എത്തിയത്. രാജ്യത്തെ വിപണികള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായിരുന്നു നടപടിയെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പൊതു മര്യാദകള്‍ക്ക് നിരക്കാത്ത തരത്തിലുള്ള നിറങ്ങളും മുദ്രകളും വ്യംഗ്യാർത്ഥത്തിലുള്ള മോശം പ്രയോഗങ്ങളും വാക്യങ്ങളും അടങ്ങിയ പട്ടങ്ങളാണ് പിടിച്ചെടുത്തതെന്നാണ് അധികൃതര്‍ അറിയിച്ചത്. 

Read also: അപകടത്തില്‍ പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി

സ്വവര്‍ഗാനുരാഗം പ്രചരിപ്പിക്കുന്നെന്ന് സംശയം; സൗദിയില്‍ കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു
റിയാദ്: സ്വവര്‍ഗാനുരാഗം പ്രചരിപ്പിക്കുന്നെന്ന് സംശയം തോന്നിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സൗദി അധികൃതര്‍ പിടിച്ചെടുത്തു. തലസ്ഥാന നഗരമായ റിയാദിലെ ചില കടകളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. എല്‍ജിബിടി സമൂഹത്തെ പ്രതിനിധീകരിക്കുന്ന നിറങ്ങളും മുദ്രകളും പ്രദര്‍ശിപ്പിച്ച കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

സ്വവര്‍ഗാനുരാഗത്തെ പരോക്ഷമായി പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ പിടിച്ചെടുത്തതെന്ന് സൗദി ടെലിവിഷനായ അല്‍ ഇക്ബാരിയയെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. പിടിച്ചെടുത്ത വസ്തുക്കള്‍ യുവാക്കളെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പ്രതികരിച്ചു. എന്നാല്‍ മഴവില്ലിന്റെ നിറങ്ങളാണ് ഈ ഉല്‍പ്പന്നങ്ങളിലെന്നാണ് ഇവയുടെ വില്‍പ്പനക്കാര്‍ അവകാശപ്പെടുന്നത്.

വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ സര്‍പ്രൈസ് ഇന്‍സ്‌പെക്ഷന്റെ ഭാഗമായാണ് റിയാദിലെ മാര്‍ക്കറ്റിലും ഷോപ്പിങ് സെന്ററുകളിലും പരിശോധനകള്‍ നടത്തിയത്. പൊതുസാന്മാര്‍ഗികത ലംഘിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു പരിശോധനകളുടെ ലക്ഷ്യം.