നീക്കം ചെയ്യപ്പെടുന്ന 7 ലധികം ചേരികളില്‍, ഓരോ പ്രദേശത്തുമായി ഏകദേശം 10 വീടുകളെങ്കിലുമുണ്ടെന്നാണ് സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കുന്നത്. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളോട് ചേര്‍ന്നുള്ള ക്രമരഹിതമായ കെട്ടിടങ്ങള്‍ രണ്ട് ഘട്ടങ്ങളിലായാണ് നീക്കം ചെയ്യുക.

റിയാദ്: നവീകരണത്തിനായി ജിദ്ദയിലെ (Jeddah) ചേരികള്‍ പൊളിച്ചുനീക്കുമ്പോള്‍ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിച്ച് നിലനിറുത്തുമെന്ന് അധികാരികള്‍ വ്യക്തമാക്കി. ജിദ്ദ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പൊളിച്ചുനീക്കല്‍ നടപടികള്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. ഈ ചേരികളുടെ പല ഭാഗങ്ങളിലുമായി നിരവധ ചരിത്രപ്രാധാന്യമുള്ള വീടുകളും കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്.

നീക്കം ചെയ്യപ്പെടുന്ന 7 ലധികം ചേരികളില്‍, ഓരോ പ്രദേശത്തുമായി ഏകദേശം 10 വീടുകളെങ്കിലുമുണ്ടെന്നാണ് സാംസ്‌കാരിക മന്ത്രാലയം വ്യക്തമാക്കുന്നത്. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളോട് ചേര്‍ന്നുള്ള ക്രമരഹിതമായ കെട്ടിടങ്ങള്‍ രണ്ട് ഘട്ടങ്ങളിലായാണ് നീക്കം ചെയ്യുക. വലിയ യന്ത്രങ്ങളുടേയും ഉപകരണങ്ങളുടേയും സഹായത്തോടെയാണ് ആദ്യഘട്ട പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക. രണ്ടാം ഘട്ടത്തില്‍ തൊഴിലാളികളുടെ നേരിട്ടുള്ള സഹായത്തോടെയായിയിരിക്കും പ്രവൃത്തികള്‍ മുന്നോട്ടു കൊണ്ടു പോവുക. ഇത്തരത്തില്‍ കൃത്യമായ മാനദണ്ഡങ്ങളോടെയുള്ള പ്രവര്‍ത്തനങ്ങളായതിനാല്‍ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.

 ജിദ്ദയിലെ ചേരികളില്‍ നിന്ന് പതിനായിരത്തോളം അനധികൃത താമസക്കാർ പിടിയിൽ

റിയാദ്: നഗരവികസനത്തിനായി (Urban Development) ജിദ്ദയിൽ ചേരികൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അജ്ഞാതരായ പതിനായിരം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് (Illegal residents arrested) മക്ക മേഖല പോലീസ് ഡയറക്ടർ മേജർ ജനറൽ സാലിഹ് അൽ ജാബ്രി അറിയിച്ചു. ‘റൊട്ടാന ഖലീജിയ‘ ചാനലിലെ ‘ഇൻ ദ പിക്ചർ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അനധികൃത താമസക്കാരെല്ലാം തങ്ങളുടെ രേഖകൾ ശരിയാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ചേരികളില്‍ നിന്ന് 60 ദശലക്ഷം റിയാലും 100 കിലോയിലധികം സ്വർണശേഖരവും പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. പണവും സ്വർണവും രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് അവ പിടിച്ചെടുത്തത്. വിവിധ രാജ്യക്കാര്‍ മനുഷ്യക്കടത്തിനുള്ള തങ്ങളുടെ താവളങ്ങളാക്കി ചേരികളെ മാറ്റിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 

മയക്കുമരുന്ന് കച്ചവടക്കാരുടെ സുരക്ഷിത താവളങ്ങളായി മാറുന്ന ചേരികള്‍ സമൂഹത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെ 218 കിലോഗ്രാം കഞ്ചാവാണ് ചേരിപ്രദേശങ്ങളില്‍നിന്ന് പിടിച്ചെടുത്തത്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി വിവിധതരം രോഗങ്ങളും പകര്‍ച്ചവ്യാധികളും പകരുന്നതിനുള്ള ഉറവിടമായും ചേരികള്‍ മാറിയതായി അദ്ദേഹം വ്യക്തമാക്കി. 

ചേരികൾ നീക്കം ചെയ്യാൻ തുടങ്ങിയതിന് ശേഷം ഇവിടങ്ങളിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് 12 ശതമാനം കുറഞ്ഞുവെന്നും ചേരികൾ പൂർണമായും നീക്കം ചെയ്തതിന് ശേഷം ഇത് 20 ശതമാനമായി ഉയരുമെന്നും അൽ ജാബ്രി വിശദീകരിച്ചു. ചേരികൾ നീക്കം ചെയ്തതിന് ശേഷം ഈ പ്രദേശങ്ങളിലുള്ള സാമൂഹിക വിരുദ്ധര്‍ മറ്റു സ്ഥലങ്ങളിലേക്ക് താവളം മാറ്റിയതായുള്ള ഭയം വേണ്ടെന്നും ഇത്തരക്കാരെ സുരക്ഷാ അധികാരികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും സാലിഹ് അൽ ജാബ്രി അറിയിച്ചു.

ജിദ്ദ നഗരവികസനം; 34 ചേരികള്‍ നീക്കം ചെയ്യും

റിയാദ്: ജിദ്ദ നഗരവികസനത്തിന്റെ(Jeddah development plan) ഭാഗമായി നഗരത്തിലെ 64 ചേരികളില്‍(slums) 34 എണ്ണവും പൂര്‍ണമായി നീക്കം ചെയ്യും. ഈ ചേരികളില്‍ ഉപയോഗശൂന്യമായ വീടുകളാണ് കൂടുതലുള്ളതെന്നും ആ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം പോലും ബുദ്ധിമുട്ടായ രീതിയിലാണ് പ്രദേശത്തെ പാര്‍പ്പിടങ്ങളുടെ ഘടനയെന്നും ജിദ്ദ മേയര്‍ സാലിഹ് അല്‍ തുര്‍ക്കി അറിയിച്ചു.

സൗദി പൗരന്മാര്‍ കൂടുതല്‍ താമസിക്കുന്ന ബാക്കിയുള്ള 30 ചേരികളില്‍ ക്രമരഹിതമായ നിരവധി നിര്‍മാണങ്ങള്‍ ഉണ്ടെങ്കിലും അവ നിലവില്‍ നീക്കം ചെയ്യില്ല. ഈ ചേരികള്‍ വികസിപ്പിക്കുന്നതിനും അവിടെ താമസിക്കുന്ന, മറ്റ് താമസസൗകര്യങ്ങളില്ലാത്ത പൗരന്മാര്‍ക്ക് കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം നല്‍കുന്നതിനായി വിശദമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.