മനാമ: ബഹ്റൈനിലെ കര്‍സകാനിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് ഒരു കുടുംബത്തില്‍ പത്ത് പേര്‍ അത്ഭുതകരമായി രക്ഷപെട്ടു. അടുക്കളയില്‍ പാചക വാതകം ചേര്‍ന്നതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 75 വയസ് പ്രായമുള്ള വൃദ്ധയും ഭിന്നശേഷിക്കാരനായ 14 വയസുകാരനും അടക്കമുള്ളവരാണ് രക്ഷപെട്ടത്. തീ പടര്‍ന്നുപിടിക്കുന്നത് കുടുംബാംഗങ്ങളിലൊരാളുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് എല്ലാവരുടെയും ജീവന്‍ രക്ഷിക്കാനായത്.

അടുക്കളയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് തീപിടുത്തത്തിന് കാരണമായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു മണിക്കൂറിലധികമെടുത്താണ് സിവില്‍ ഡിഫന്‍സ് സംഘം തീയണച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. കുടുംബാംഗങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റി.

തീപിടുത്തമുണ്ടായ സമയത്ത് എല്ലാവരും മുറികളിലായിരുന്നു. അയല്‍വാസികളുടെ സഹായത്തോടെയാണ് വൃദ്ധയേയും 14കാരനായ ഭിന്നശേഷിയുള്ള കുട്ടിയെയും വീടിന് പുറത്തെത്തിച്ചത്. വീട്ടിലെ അടുക്കളയും രണ്ട് മുറികളും പൂര്‍ണമായി കത്തിനശിച്ചു. നാല് അഗ്നിശമന സേനാ വാഹനങ്ങളും 12 ഉദ്യോഗസ്ഥരും പരിശ്രമിച്ചാണ് തീയണച്ചത്.