ദമ്മാം: സൗദിയില്‍ സ്‍പോണ്‍സറിനും കുടുംബാംഗങ്ങള്‍ക്കുമുള്ള ഭക്ഷണത്തില്‍ മൂത്രം കലര്‍ത്തിയ വീട്ടുജോലിക്കാരിക്ക് കടുത്ത ശിക്ഷ ലഭിക്കും. ദമ്മാമിലെ സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഫിലിപ്പൈനിക്ക് കേസില്‍ എട്ടുമാസം ജയില്‍ ശിക്ഷയും 200 ചാട്ടവാറടിയും നല്‍കാനാണ് അടുത്തിടെ അല്‍ഹസ കോടതി വിധിച്ചത്. എന്നാല്‍ കേസ് പുനഃപരിശോധിക്കുമ്പോള്‍ കടുത്ത ശിക്ഷ നല്‍കുമെന്നാണ് സൂചന.

കുടുംബാംഗങ്ങള്‍ക്കുള്ള ഭക്ഷണത്തില്‍ കലര്‍ത്താനായി മൂത്രം സൂക്ഷിച്ചിരുന്ന കുപ്പി വീട്ടിലെ ഫ്രിഡ്‍ജില്‍ നിന്ന് ഗൃഹനാഥ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടുകാരുടെ മോശം പെരുമാറ്റം കാരണമാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് ജോലിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. വീട്ടുകാര്‍ക്ക് നല്‍കിയിരുന്ന ഭക്ഷണ, പാനീയങ്ങളില്‍ മൂത്രം കലര്‍ത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിചാരണയ്ക്കിടെ കോടതിയിലും ഇവര്‍ കുറ്റം സമ്മതിച്ചു.

കേസില്‍ വിധി പറഞ്ഞുകഴിഞ്ഞെങ്കിലും, മൂത്രം കലര്‍ത്തിയ ചായയും സാലഡും ഉള്‍പ്പെടെയുള്ള ഭക്ഷണം കഴിച്ചതിനാല്‍ സ്‍പോണ്‍സറുടെ ഭാര്യക്ക് കരള്‍ രോഗം ബാധിച്ച് ചികിത്സ തേടേണ്ടിവന്നതുകൂടി പരിഗണിച്ച് കൂടുതല്‍ കടുത്ത ശിക്ഷ നല്‍കിയേക്കും. കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് അപ്പീല്‍ കോടതി, അല്‍ ഹസ കോടതിയോടാവശ്യപ്പെടുകയായിരുന്നു. സമാനമായ കേസില്‍ മറ്റൊരു ഫിലിപ്പൈന്‍ യുവതിക്ക് ഒന്നര വര്‍ഷം തടവും 300 ചാട്ടവാറടിയും നേരത്തെ സൗദി കോടതി വിധിച്ചിരുന്നു.