സൗദി അറേബ്യയുടെ തെക്കൻ അതിർത്തി പ്രദേശങ്ങളായ അസീർ, നജ്റാൻ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിൽ ഹൂത്തി മിലീഷ്യകൾ വീണ്ടും ആക്രമണം നടത്തി. വ്യോമസേന മിസൈലുകൾ തടഞ്ഞുനശിപ്പിച്ചെങ്കിലും അവശിഷ്ടങ്ങൾ വീണ് ഒരു പ്രവാസിക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഹൂത്തി മിലീഷ്യകൾ നടത്തുന്ന ആക്രമണങ്ങൾ തുടരുന്നു. അസീർ മേഖലയിലെ അഹദ് റുഫൈദ, നജ്റാൻ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച ഹൂതി ആക്രമണങ്ങളുണ്ടായത്.

അഹദ് റുഫൈദയിലേക്ക് ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമസേന തടഞ്ഞുനശിപ്പിച്ചു. എന്നാൽ, മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് പ്രദേശത്തുണ്ടായിരുന്ന ഏഷ്യക്കാരനായ പ്രവാസിക്ക് പരിക്കേറ്റു. സംഭവം നടന്ന കെട്ടിടത്തിനുള്ളിലെ പ്രാർഥനാ ഹാളിനും സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. ജനവാസ കേന്ദ്രങ്ങളെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ഹൂത്തികളുടെ നീക്കം. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാനും നാശനഷ്ടങ്ങൾ പരിഹരിക്കാനും ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

അതേദിവസം തന്നെ നജ്റാൻ നഗരത്തിലെ ഒരു സ്കൂളിന് നേരെയും ഹൂതികളുടെ ആക്രമണമുണ്ടായി. സ്കൂളിൽ പ്രൊജക്ടൈൽ പതിച്ച് ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചതായി സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു. അതിനിടെ, ഖമീസ് മുശൈത്തിനെ ലക്ഷ്യമാക്കി ഹൂതികൾ അയച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി തടഞ്ഞുനശിപ്പിച്ചതായി യമനിലെ അറബ് സഖ്യസേന ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. സിവിലിയന്മാരെയും സാധാരണക്കാരുടെ വസ്തുവകകളെയും ക്രമരഹിതമായി ലക്ഷ്യമിടുന്ന ഹൂതികളുടെ ശൈലിയുടെ തുടർച്ചയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.