റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ ഹൂതികള്‍ തൊടുത്തുവിട്ട മിസൈലുകള്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. യെമനില്‍ നിന്നാണ് സൗദി ലക്ഷ്യമിട്ട് ഹൂതികള്‍ മിസൈലാക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിച്ച് സാധാരണക്കാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണശ്രമമെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. യെമന്‍ തലസ്ഥാനമായ സനാ, സൗദിക്ക് നേരെയുള്ള ഹൂതികളുടെ മിസൈലാക്രമണങ്ങളുടെ കേന്ദ്രമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.