സൗദി അറേബ്യയിലെ റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂത്തികളുടെ മിസൈൽ ആക്രമണം ഉണ്ടായി. ഇന്നലെ നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 11 ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

റിയാദ്: സൗദി അറേബ്യയുടെ ഭാഗത്തുനിന്നും കനത്ത തിരിച്ചടിയും ആക്രമണങ്ങളുമുണ്ടായതായി ഹൂത്തികൾ. തലസ്ഥാനമായ സൻആ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 124 വ്യോമാക്രമണങ്ങളാണ് ഉണ്ടായതെന്നും, ഇതിൽ നിരവധി പേർ കൊല്ലപ്പെട്ടതായും ഹൂത്തികൾ അവകാശപ്പെട്ടു. കൂടാതെ, കഴിഞ്ഞ ദിവസം തങ്ങൾ ആരാംകോയുടെ ഗ്യാസ് സ്റ്റേഷനും റിഫൈനറിയും ആക്രമിച്ചതായും അവർ വിശദീകരിക്കുന്നു. സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും വീണ്ടും ആക്രമണമുണ്ടായി. 12 പേർ കൊല്ലപ്പെട്ട ഇന്നലത്തെ ഹൂത്തി ആക്രമണത്തിന് ശേഷമാണ് ഇന്ന് വൈകീട്ടോടെ വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം റിപ്പോർട്ട് ചെയ്തത്.

പാസഞ്ചർ ടെർമിനൽ നാലിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് സൗദി അറേബ്യൻ സേന സ്ഥിരീകരിച്ചു. ആക്രമണത്തിനെത്തിയ ഒരു മിസൈൽ തകർത്തതായും ഇതിനെ തുടർന്നുണ്ടായ തീപിടിത്തം അണച്ചതായും സൗദി സേന അറിയിച്ചു. ഇന്നലത്തെ ആക്രമണത്തിന് പിന്നാലെ സൗദിയിലെ വിമാനത്താവളങ്ങളും തുറമുഖങ്ങളും ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂത്തികൾ ഭീഷണി മുഴക്കിയിരുന്നു. യാത്രക്കാർക്കും ജീവനക്കാർക്കും മുന്നറിയിപ്പ് നൽകിയ ശേഷമായിരുന്നു രൂക്ഷമായ ആക്രമണങ്ങൾ തുടരുമെന്ന് ഹൂത്തികൾ വ്യക്തമാക്കിയത്. വീണ്ടും ആക്രമണമുണ്ടായതോടെ ഹൂത്തികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകാൻ സൗദി സേന തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ഇന്നലത്തെ ആക്രമണത്തിൽ 12 മരണം; 11 ഇന്ത്യക്കാർക്ക് പരിക്ക്

റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ ഹൂത്തികൾ നടത്തിയ രൂക്ഷമായ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മേഖലയിൽ നിലവിലെ യുദ്ധസാഹചര്യം ഉടലെടുത്ത ശേഷം ഒരു അറബ് - ഗൾഫ് രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ആൾനാശവും ഭീകരമായ നാശനഷ്ടവുമാണ് റിയാദിൽ റിപ്പോർട്ട് ചെയ്തത്. കൊല്ലപ്പെട്ടവരിൽ നാല് സൗദി പൗരന്മാരും എട്ട് വിദേശികളുമാണുള്ളത്. അമേരിക്ക, ജോർദാൻ, ഈജിപ്ത്, സിറിയ, പലസ്തീൻ, സുഡാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പൗരന്മാരാണ് മരിച്ചത്.

പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവരിൽ 11 ഇന്ത്യക്കാരുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. അതേസമയം ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ആക്രമണശ്രമമുണ്ടായി. തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ വിമാനത്താവള പരിസരത്ത് പതിച്ചു. അൽഖർജിലും കിഴക്കൻ മേഖലയിലും ആക്രമണ ശ്രമങ്ങളുണ്ടായി. ആക്രമണങ്ങളെ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലും മറ്റ് ലോകരാഷ്ട്ര നേതാക്കളും ശക്തമായി അപലപിച്ചു. ഹൂത്തികളുടേത് സമ്പൂർണ്ണ യുദ്ധക്കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി സൗദി തിരിച്ചടി ശക്തമാക്കിയിട്ടുണ്ട്.