റിയാദ്: സൗദി അറേബ്യയിലെ അബഹ, ജിസാന്‍ വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും ഹൂതികള്‍ വ്യോമാക്രമണശ്രമം നടത്തി. എന്നാല്‍ ഡ്രോണുകള്‍ സൗദി സുരക്ഷാസേന ആകാശത്ത് വെച്ചുതന്നെ തകര്‍ത്തു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ആക്രമണം നടത്തിയെന്ന് ഹൂതികളുടെ ടെലിവിഷന്‍ ചാനല്‍ സ്ഥിരീകരിച്ചു.

രണ്ട് വിമാനത്താവളങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തിയെന്നാണ് ഹൂതികള്‍ ടെലിവിഷന്‍ ചാനലിലൂടെ അവകാശപ്പെട്ടത്. എന്നാല്‍ ഡ്രോണുകള്‍ തകര്‍ത്തുവെന്ന് സൗദി സഖ്യസേന അറിയിച്ചു. ജിസാന്‍ വിമാനത്താവളത്തിലെ കണ്‍ട്രോള്‍ റൂമും അബഹ വിമാനത്താവളത്തിലെ ഇന്ധന സ്റ്റേഷനും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കഴിഞ്ഞ ബുധനാഴ്ച അബഹ വിമാനത്താവളത്തില്‍ കഴിഞ്ഞയാഴ്ച ഹൂതികളുടെ മിസൈല്‍ പതിച്ച് ഒരു ഇന്ത്യക്കാരി ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് ശേഷം നിരവധി തവണ വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണ ശ്രമങ്ങളുണ്ടായി.