വാഹനമോടിച്ച മുഹമ്മദ് ഫയാസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് വഴിവെച്ചതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 8.45ഓടെയായിരുന്നു സംഭവം. കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന് ആദ്യം ചെറിയ അപകടം പറ്റിയതോടെ ഇവര്‍ വാഹനം റോഡില്‍ തന്നെ നിര്‍ത്തുകയായിരുന്നു. 

ദുബായ്: അച്ഛനും അമ്മയും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച വാഹനാപകടത്തില്‍ നിന്ന് രക്ഷപെട്ട കുട്ടി അപകടനില തരണം ചെയ്തു. കൂട്ടിയിടിച്ച വാഹനങ്ങളിലൊന്നിന്റെ ഡ്രൈവറായ അറബ് പൗരന്‍ മനഃസാന്നിദ്ധ്യം കൈവിടാതെ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചതെന്ന് ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാര്‍ച്ച് രണ്ടിനാണ് ദുബായ് അല്‍ഐന്‍ റോഡിലുണ്ടായ അപകടത്തില്‍ പാകിസ്ഥാന്‍ പൗരനായ മുഹമ്മദ് ഫയാസും (29) ഭാര്യയും സഹോദരിയും മരിച്ചത്.

വാഹനമോടിച്ച മുഹമ്മദ് ഫയാസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് വഴിവെച്ചതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 8.45ഓടെയായിരുന്നു സംഭവം. കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന് ആദ്യം ചെറിയ അപകടം പറ്റിയതോടെ ഇവര്‍ വാഹനം റോഡില്‍ തന്നെ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് സ്പോണ്‍സറെ വിളിച്ച് അപകടവിവരം പറഞ്ഞു. സ്പീഡ് ട്രാക്കിലാണ് വാഹനം നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിച്ചത്. മിനിറ്റുകള്‍ക്കകം പിന്നാലെ അതിവേഗത്തില്‍ വന്ന വാഹനം ഇവരുടെ കാറിനെ ഇടിച്ചുതെറിപ്പിച്ചു.

ഫയാസും കുടുംബവും സഞ്ചരിച്ചിരുന്നത് ചെറിയ വാഹനത്തിലായിരുന്നതിനാല്‍ ഇടിയുടെ ആഘാതത്തില്‍ കാര്‍ ദൂരേക്ക് തെറിച്ചുപോയി. എന്നാല്‍ അറബ് പൗരന്‍ സ്വന്തം വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടിയെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. സീറ്റില്‍ നിന്ന് തെറിച്ച് വീണ കുട്ടിക്ക് സാരമായ പരിക്കുകളുണ്ടായിരുന്നു. കുട്ടിയെ പുറത്തെടുത്ത് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയും പിന്നാലെ യഥാസമയം ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആശുപത്രിയിലുള്ള കുട്ടിയെ സാമൂഹിക പ്രവര്‍ത്തകരാണ് പരിചരിക്കുന്നത്. അച്ഛനും അമ്മയും മരണപ്പെട്ടതിനാല്‍ കുട്ടിയുടെ സംരക്ഷണം ആര്‍ക്കെന്ന് കുടുംബം തീരുമാനമെടുത്തശേഷം കുട്ടിയെ കൈമാറും.

റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്ന് കാറോടിച്ചിരുന്ന അറബ് പൗരന്‍ പറഞ്ഞു. അശ്രദ്ധമായി വാഹനമോടിച്ചതും അപകട കാരണമായതെന്ന് ദുബായ് പൊലീസ് അസിസ്റ്റന്റ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫിന്‍ പറഞ്ഞു. ഇത് തെളിയിക്കപ്പെട്ടാല്‍ ഇയാള്‍ക്ക് ശിക്ഷ ലഭിക്കും.