അല്‍ സബീല്‍ ബില്‍ഡിങ് മെറ്റീരിയല്‍സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് തീപിടിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ബഹ്റൈനില്‍ കഴിഞ്ഞ ദിവസമുണ്ടായ വന്‍തീപിടുത്തത്തില്‍ അഞ്ച് ലക്ഷം ദിനാറിന്റെ (പത്ത് കോടിയോളം ഇന്ത്യന്‍ രൂപ) നാശനഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. സല്‍മാബാദിലെ രണ്ട് ഗോഡൗണുകളിലാണ് കഴിഞ്ഞ ദിവസം തീപിടിച്ചത്.

അല്‍ സബീല്‍ ബില്‍ഡിങ് മെറ്റീരിയല്‍സ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് തീപിടിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പൈപ്പുകള്‍, തടികള്‍ എന്നിവയ്ക്ക് പുറമെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു മിനിവാനും മറ്റ് രണ്ട് ഡെലിവറി വാഹനങ്ങളും കത്തിനശിച്ചു. 13 ഫയര്‍ എഞ്ചിന്‍ വാഹനങ്ങളും 67 ജീവനക്കാരും ചേര്‍ന്ന് മൂന്ന് മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീയണച്ചത്.

തീപിടിച്ച ഗോഡൗണില്‍ സംഭവസമയത്ത് ജീവനക്കാരുണ്ടായിരുന്നില്ല. എന്നാല്‍ തൊട്ടടുത്ത സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പത്തോളം പേര്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. സംഭവസമയത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന ജീവനക്കാര്‍ തീ പടര്‍ന്നുപിടിക്കുന്നത് ശ്രദ്ധയില്‍പെട്ട് ഓടി രക്ഷപെടുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.