Asianet News MalayalamAsianet News Malayalam

ആദ്യ ഭാര്യയെ കൊന്ന് കുഴിച്ചുമൂടി; യുഎഇയില്‍ ഇന്ത്യക്കാരനും രണ്ടാം ഭാര്യക്കും വധശിക്ഷ

മരണപ്പെട്ട യുവതിയുടെ സഹോദരന്‍ ഏപ്രില്‍ ഒന്‍പതിന് പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. യുവതിയെ പലതവണ ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടാവാത്തതിനെ തുടര്‍ന്ന് ഇയാള്‍ ഇന്ത്യയില്‍ നിന്നും ഷാര്‍ജയിലെത്തുകയായിരുന്നു. 

Husband kills first wife with the help of new wife
Author
Sharjah - United Arab Emirates, First Published Oct 18, 2019, 4:00 PM IST

ഷാര്‍ജ: ആദ്യ ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടിയ കേസില്‍ ഇന്ത്യക്കാരനും രണ്ടാം ഭാര്യയ്ക്കും ഷാര്‍ജ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബം ബ്ലഡ് മണി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് വധശിക്ഷ വിധിച്ചത്. രണ്ട് പ്രതികളുടെയും അസാന്നിദ്ധ്യത്തിലായിരുന്നു ജഡ്ജി മാജിദ് അല്‍ മുഹൈരിയുടെ സുപ്രധാന വിധി.

2018 ഏപ്രിലിലാണ് ഷാര്‍ജയിലെ മൈസലൂനില്‍ വെച്ച് ക്രൂരമായ കൊലപാതകം നടന്നത്. രണ്ടാം ഭാര്യയുടെ സഹായത്തോടെയാണ് പ്രതിയായ ഇന്ത്യക്കാരന്‍ തന്റെ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് വീടിനുള്ളില്‍ തന്നെ മൃതദേഹം കുഴിച്ചുമൂടിയശേഷം ഇരുവരും നാട്ടിലേക്ക് പോയി. ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു.

മരണപ്പെട്ട യുവതിയുടെ സഹോദരന്‍ ഏപ്രില്‍ ഒന്‍പതിന് പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. യുവതിയെ പലതവണ ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടാവാത്തതിനെ തുടര്‍ന്ന് ഇയാള്‍ ഇന്ത്യയില്‍ നിന്നും ഷാര്‍ജയിലെത്തുകയായിരുന്നു. സഹോദരിയുടെ വീട്ടിലെത്തിയെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല. ഇതോടെയാണ് ഇയാള്‍ പൊലീസിനെ സമീപിച്ചത്. താന്‍ എല്ലാ ദിവസവും സഹോദരിയുമായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ ദിവസങ്ങളായി ഫോണ്‍ കോളുകള്‍ സ്വീകരിക്കുന്നില്ലെന്നും ഇയാള്‍ പൊലീസിനെ ധരിപ്പിച്ചു. 

തുടര്‍ന്ന് പ്രോസിക്യൂഷന്റെ അനുമതി വാങ്ങി, പൊലീസ് സംഘം വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. വീട്ടിലെ നിലത്ത് പാകിയിരുന്ന ടൈന്‍സുകളില്‍ ചിലത് ഇളക്കി മാറ്റിയിരിക്കുന്നത് കണ്ടെത്തിയതോടെ പൊലീസ് നായയെ എത്തിച്ച് പരിശോധന നടത്തി. വീടിനുള്ളില്‍ തന്നെ മറവുചെയ്തിരുന്ന മൃതദേഹം അന്വേഷണ സംഘം പുറത്തെടുത്ത് ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. സഹോദരന്‍ മൃതദേഹം തിരിച്ചറിയുകയും ചെയ്തു. വിരലടയാളങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. രണ്ടാം ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ഇയാള്‍ ഇന്ത്യയിലേക്ക് കടന്നതായി പൊലീസ് മനസിലാക്കി. ഇന്റര്‍പോള്‍ വഴി ഇവരെ അറസ്റ്റ് ചെയ്ത് യുഎഇയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്.

Follow Us:
Download App:
  • android
  • ios