ഇന്ത്യന്‍ ബിസിനസ് & പ്രൊഫഷണല്‍ കൗണ്‍സില്‍ 24-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. കുവൈത്തിലെ പ്രമുഖ ബിസിനസ് നേതാക്കളും വ്യവസായികളും നയതന്ത്രജ്ഞരും പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പരമിത തൃപാതി മുഖ്യാതിഥിയായിരുന്നു.

കുവൈത്ത്‌ സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ ബിസിനസ് & പ്രൊഫഷണല്‍ കൗണ്‍സില്‍ 24-ാം വാര്‍ഷികം ആഘോഷിച്ചു. കുവൈത്തിലെ പ്രമുഖ ബിസിനസ് നേതാക്കളും വ്യവസായികളും നയതന്ത്രജ്ഞരും പങ്കെടുത്ത ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പരമിത തൃപാതി മുഖ്യാതിഥിയായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യ-കുവൈത്ത് ബന്ധത്തില്‍ ഐബിപിസിയുടെ പങ്കിനെ പരമിത തൃപാതി പ്രശംസിച്ചു.

മുന്നോട്ടുള്ള നാളുകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതില്‍ സംഘടനയുടെ പങ്ക് നിര്‍ണായകമാണന്നും അംബാസഡര്‍ വ്യക്തമാക്കി. ഐ.ബി.പി.സി. സെക്രട്ടറി കെ.പി. സുരേഷ് സ്വാഗതം ആശംസിച്ചു. സംരംഭകരെ ശാക്തീകരിക്കുന്നതിനും കുവൈത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ അവരുടെ പങ്ക് ഏകോപിപ്പിക്കുന്നതിലും ഐ.ബി.പി.സി. പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വാണിജ്യ മന്ത്രി ഖലീഫ അബ്ദുള്ള അല്‍-അജിലിന് വേണ്ടി ഇന്‍റര്‍നാഷണൽ റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ അബ്ദുള്ള അല്‍ഹെര്‍സ് ആശംസകള്‍ നേര്‍ന്നു. ഐ.ബി.പി.സി. ചെയര്‍മാന്‍ കൈസര്‍ ഷാക്കിര്‍, വൈസ് ചെയര്‍മാന്‍ ഗൗരവ് ഒബ്റോയ്, ജോയിന്‍റ് സെക്രട്ടറി സുനിത് അറോറ, ട്രഷറര്‍ കൃഷണ്‍ സൂര്യകാന്ത് എന്നിവര്‍ ദീപം തെളിയിച്ച് ചടങ്ങിന് തുടക്കമിട്ടു.

ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘേഷങ്ങളില്‍ ഇന്ത്യ-കുവൈത്ത് ബന്ധം ശക്തിപ്പെടുത്താന്‍ 25 പുതിയ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി ഐ.ബി.പി.സി. ചെയര്‍മാന്‍ കൈസര്‍ ഷാക്കിര്‍ അറിയിച്ചു. അന്താരാഷ്ട്ര ഐ.ടി. കമ്പിനിയായ എച്ച്.സി.എല്‍. ടെക് ചെയര്‍പേഴ്‌സണ്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്ര വിശിഷ്ടാതിഥിയായിരുന്നു. ഇന്ത്യയുടെ ഐ.ടി. മേഖലയിലെ വെല്ലുവിളികളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും റോഷ്‌നി നാടാര്‍ വിശദീകരിച്ചു. ബിസിനസ് രംഗത്തും സാമൂഹിക സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച 10 പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു. ഫൗദ് എം.ടി. അല്‍ഗാനീം, കെ.ഐ.പി.സി.ഒ.യുടെ സണ്ണി ഭാട്ടിയ, പ്രമുഖ കുവൈത്തി ബിസിനസ് വനിത ലൈല അബ്ദുള്ള അല്‍ഗാനീം എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. 

കുവൈത്ത് കാന്‍സര്‍ കണ്‍ട്രോള്‍ സെന്ററിലെ ഓങ്കോളജിസ്റ്റ് ഡോ. സുശോവന എസ്. നായര്‍, ദി ടൈംസ് കുവൈത്ത് എഡിറ്റര്‍ റീവന്‍ ഡിസൂസ, ഷെയ്ഖ ഇന്തിസാര്‍ അല്‍ സബാഹ് എന്നിവരും പുരസ്‌കാരം നേടി. കുവൈത്തി പൈതൃക സംരക്ഷകന്‍ ഫഹദ് അല്‍ അബ്ദുല്‍ജലീല്‍, അല്‍ ഹക്കീമി സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപകന്‍ സോയാബ് ഹുസൈന്‍ ബദ്രി തുടങ്ങിയവരും ഇന്ത്യ-കുവൈറ്റ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംഭാവനകള്‍ക്ക് ആദരിക്കപ്പെട്ടു. ഐ.ബി.പി.സി. ജോയിന്റ് സെക്രട്ടറി സുനിത് അറോറ നന്ദി പ്രകാശിപ്പിച്ചു.