നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നത് ഉൾപ്പടെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും

ദുബൈ: ദുബൈയിൽ വാഹനങ്ങൾ തമ്മിൽ ആവശ്യമായ അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി ദുബൈ പോലീസ്. റോഡിൽ വാഹനങ്ങൾ തമ്മിൽ നിശ്ചിതമായ അകലം പാലിച്ചിരിക്കണം. ഇത് നിരീക്ഷിക്കുന്നതിനായി റോ‍ഡുകളിൽ റഡാർ സംവിധാനങ്ങൾ സ്ഥാപിക്കുമെന്നും ദുബൈ പോലീസ് അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നത് ഉൾപ്പടെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 

​ഗതാ​ഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് ദുബൈ പോലീസ് നടത്തുന്ന ബോധവത്കരണ കാമ്പയിനിന്റെ ഭാ​ഗമായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാഹനങ്ങൾ തമ്മിൽ ആവശ്യമായ അകലം പാലിക്കാതിരുന്നാൽ 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുകളും ചുമത്തും. ലം​ഘനം വീണ്ടും ആവർത്തിക്കപ്പെട്ടാൽ 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. 

read more: ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയും, ഖത്തറിൽ കാലാവസ്ഥ മുന്നറിയിപ്പ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംയോജിപ്പിച്ചിട്ടുള്ള റഡാറുകൾ ഉപയോ​ഗിച്ച് ഇത്തരം നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിന്റെ പരീക്ഷണം പൂർത്തിയായതായി അധികൃതർ അറിയിച്ചു. വാഹനങ്ങൾക്കിടയിലെ കൃത്യമായ അകലം പാലിക്കുന്ന നിയമം ലംഘിക്കുന്നത് നിരീക്ഷിക്കുക കൂടാതെ അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നത് പോലുള്ള ലംഘനങ്ങളും ഈ റഡാറുകൾ കണ്ടെത്തും. ഈ നൂതന റഡാറുകൾക്ക് ശബ്ദം, അതിന്റെ ഉറവിടം, അളവ് എന്നിവ കണ്ടെത്താനും ശബ്ദ നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിലാക്കുന്നത് ഉറപ്പാക്കാനും കഴിയും. ശബ്ദ പരിധി ലംഘിച്ചാൽ 2000 ദിർഹം വരെ പിഴയും 12 ബ്ലാക്ക് പോയിന്റുകളുമായിരിക്കും ചുമത്തുന്നത്.