ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നും യുഎഇയിലേക്ക് പോകാനിരുന്ന ബി. ആർ. ഷെട്ടിയുടെ യാത്ര തടഞ്ഞു. എമിഗ്രേഷൻ ഉദ്യോഗസ്ഥർ എന്‍എംസി ഗ്രൂപ്പ് തലവന്‍റെ യാത്ര തടഞ്ഞുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. ഷെട്ടിയുടെ ഭാര്യയെ അബുദാബിയിലേക്ക് പോകാൻ അനുവദിച്ചുവെന്നും വാര്‍ത്ത് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

യാത്രാനുമതി നിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും, ഷെട്ടിക്കെതിരെ അറസ്റ്റ് പോലുള്ള നടപടികള്‍ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ എന്തിനാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഷെട്ടിയുടെ യാത്ര തടഞ്ഞത് എന്ന് സംബന്ധിച്ച് പ്രതികരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

താൻ ഉടനെ യുഎഇയിലേക്കു മടങ്ങുമെന്നും യുഎഇയിലെ നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും ഷെട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എട്ടു മാസത്തിന് ശേഷം ഷെട്ടി തിരികെ യുഎഇയിലേക്ക് പോകാൻ ശ്രമിച്ചത്. ശനിയാഴ്ച പുലർച്ചെ 2.45ന് അബുദാബിയിലേക്കുള്ള എത്തിഹാദ് വിമാനത്തിലാണ് ഷെട്ടിയും ഭാര്യയും പോകാൻ തീരുമാനിച്ചിരുന്നത്. 

യുഎഇയിലെ ബാങ്കുകൾ കൂടാതെ ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നും ഷെട്ടി കോടികൾ വായ്പയെടുത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എൻഎംസി ഗ്രൂപ്പിന്റെ സാമ്പത്തിക ക്രമക്കേടുകൾ മൂലം ബാങ്കുകള്‍ ഷെട്ടിക്കെതിരെ നിയമനടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പാണ് ഇദ്ദേഹം യുഎഇ വിട്ടത് എന്ന റിപ്പോര്‍ട്ടാണ് മുന്‍പ് വന്നിരുന്നത്.