റിയാദ്: സൗദിയും ഇന്ത്യയും തമ്മിലുള്ള എമിഗ്രേഷൻ സംവിധാനം പരസ്‌പരം ബന്ധിപ്പിക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സഈദ്. സൗദി-ഇന്ത്യ നയതന്ത്ര ബന്ധം എല്ലാ മേഖലയിലും പുരോഗതി നേടിയതായും ഇന്ത്യൻ സ്ഥാനപതി അറിയിച്ചു. സൗഹൃദ സന്ദർശനത്തിനായി സൗദിയിൽ എത്തിയ ഇന്ത്യൻ തീര സംരക്ഷണ സേനയുടെ "സമുദ്ര പരേദാർ" എന്ന കപ്പലിൽ നടത്തിയ പ്രത്യേക വാർത്താ സമ്മേളനത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ പുരഗതി ഇന്ത്യൻ സ്ഥാനപതി വ്യക്തമാക്കിയത്.

സൗദിയും ഇന്ത്യയും തമ്മിലുള്ള എമിഗ്രേഷൻ സംവിധാനം പരസ്‌പരം ബന്ധിപ്പിക്കുന്നതോടെ സൗദിയിൽ എത്തുകയും തിരിച്ചു പോകുകയും ചെയ്യുന്ന ഇന്ത്യക്കാരുടെ കൃത്യമായ വിവരങ്ങൾ അറിയാൻ കഴിയുമെന്നും ഇന്ത്യൻ സ്ഥാനപതി ഡോ. ഔസാഫ് സഈദ് വ്യക്തമാക്കി. കപ്പലിന്‍റെ ക്യാപ്റ്റൻ ഡിഐജി അൻവർ ഖാനും എംബസി ഡിഫെൻസ് അറ്റാച്ചെ കേണൽ മനീഷ് നാഗ് പാലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സൗദിയിലെ അമേരിക്കൻ കോൺസുൽ ജനറൽ, ബ്രിട്ടീഷ് എംബസി ഡിഫെൻസ് അറ്റാച്ചെ, സൗദി നാവികസേന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഈ മാസം 28 നു ദമ്മാം കിംഗ് അബ്‍ദുൽ അസീസ്
തുറമുഖത്തു എത്തിയ കപ്പൽ യുഎഇയും സന്ദർശിച്ച ശേഷം ഇന്ത്യയിലേക്ക് മടങ്ങും.