സിനിമാ നിർമാണ മേഖലയിൽ സൗദിയും ഇന്ത്യൻ സ്ഥാപനങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സൗദി മന്ത്രി വ്യക്തമാക്കി. 

റിയാദ്: ചലച്ചിത്ര നിർമാണ മേഖലയിൽ കൈകോർക്കാൻ ഒരുങ്ങി സൗദി അറേബ്യയും ഇന്ത്യയും. സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാനും ഇന്ത്യൻ സാംസ്കാരിക സഹമന്ത്രി അർജുൻ റാം മെഗ്‍വാളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ചയായി. ഇന്തോനേഷ്യ ആതിഥേയത്വം വഹിച്ച ജി 20 സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിമാരുടെ കൂടിക്കാഴ്ച. 

സിനിമാ നിർമാണ മേഖലയിൽ സൗദിയും ഇന്ത്യൻ സ്ഥാപനങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സൗദി മന്ത്രി വ്യക്തമാക്കി. ചലച്ചിത്ര നിർമാണം, പ്രത്യേകിച്ച് ചലച്ചിത്ര വിദ്യാഭ്യാസത്തിനായുള്ള സർക്കാർ സ്ഥാപനങ്ങൾ, പ്രധാന ഇന്ത്യൻ കമ്പനികൾ എന്നിവയുമായി ചേർന്ന് ഇരുരാജ്യങ്ങളിലെയും സാംസ്കാരിക മേഖല വികസിപ്പിക്കാനും ശാക്തീകരിക്കാനും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഇരു മന്ത്രിമാരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. സിനിമാ രംഗത്ത് ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രധാന്യം എടുത്തുപറഞ്ഞ ഇരുവരും അതിനുള്ള സാധ്യതകളെ കുറിച്ച് വിശദമായി ചർച്ച ചെയ്തു.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ കഴിഞ്ഞയാഴ്ച സൗദി അറേബ്യയിലെത്തിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടക്കമുള്ള പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം കിരീടാവകാശിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്തും കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളും അതിനായി നടത്തുന്ന ശ്രമങ്ങളും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും എസ്. ജയ്ശങ്കറും ചര്‍ച്ച ചെയ്തു.

ജി 20 അടക്കമുള്ള വിവിധ രാജ്യാന്തര കൂട്ടായ്മകളിൽ കൂടുതൽ ഏകോപനത്തോടെ പ്രവ‍ര്‍ത്തിക്കാന്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണയിലെത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിന്‍ ഫര്‍ഹാൻ അൽ സൗദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. രാഷ്ട്രീയപരമായും വാണിജ്യപരമായും ഇന്ത്യയുടെ ഏറ്റവും അടുത്ത പങ്കാളികളിയാണ് സൗദി അറേബ്യയെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി.