കൊട്ടാരസദൃശ്യമായ അത്യാഢംബര വീടാണ് ദുബൈയില്‍ മിത്തൽ സ്വന്തമാക്കിയത്. അതിസമ്പന്നരുടെ ഇഷ്ട സ്ഥലമായി മാറുകയാണ് ദുബൈ.
ദുബൈ: ദുബൈയിലെ അത്യാഢംബര വീട് സ്വന്തമാക്കി ഇന്ത്യൻ സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തൽ. മിഡിൽ ഈസ്റ്റിന്റെ 'ബെവേർലി ഹിൽസ്' എന്നറിയപ്പെടുന്ന പ്രദേശത്താണ് മിത്തലിന്റെ കൊട്ടാരസമാനമായ ഭവനവും എസ്റ്റേറ്റും. റിപ്പോര്‍ട്ടുകള്‍ പ്രകാരം 74കാരനായ മിത്തല്‍ ദുബൈയിലെ ഏറ്റവും ആകര്‍ഷകമായ റെസിഡന്‍ഷ്യൽ പ്രോപര്‍ട്ടികളില്‍ ഒന്നാണ് സ്വന്തമാക്കിയത്.
എമിറേറ്റ്സ് ഹില്‍സ് കമ്മ്യൂണിറ്റിയിലെ ഈ കൊട്ടാരസദൃശ്യമായ വീടിന് 2023ല്‍ 200 മില്യൻ യുഎസ് ഡോളര്‍ (1700 കോടി രൂപ) വിലയിട്ടിരുന്നു. എന്നാല്‍ ഇതിന്‍റെ പകുതി വിലക്കാണ് വീട് വിറ്റതെന്നാണ് പുറത്തുവരുന്ന വിവരം. 830 കോടി രൂപയ്ക്കാണ് മിത്തൽ പ്രോപര്‍ട്ടി സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ ശൈലിയിലുള്ള ഫിനിഷിങ് ഉള്‍പ്പെടുന്ന അതിമനോഹരമായ വീടാണിത്. കഴിഞ്ഞ വർഷം 435 അൾട്രാ ലക്ഷ്വറി പ്രോപ്പർട്ടികളാണ് ദുബൈയിൽ വിൽപ്പന നടന്നത്. ലണ്ടൻ, ന്യൂയോർക്ക് എന്നീ നഗരങ്ങളിലെ ആഡംബര പ്രോപ്പർട്ടി ഇടപാടുകൾ ഒന്നായി ചേർത്തുള്ള കണക്കുകൾക്ക് മുകളിലാണ് ഇത്. ദുബൈയിൽ അള്‍ട്രാ ലക്ഷ്വറി വിഭാഗത്തില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള അതിസമ്പന്നരിൽ മൂന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണുള്ളത്. മറീന, ദുബായ് ഹില്‍ എസ്റ്റേറ്റ്‌സ്, എമിറേറ്റ്‌സ് ഹില്‍സ് എന്നിവിടങ്ങളിലാണ് കൂടുതൽ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടക്കുന്നത്.


