ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു. സൗദിയിലെ കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ കാരണം ഇന്ത്യന്‍ സമൂഹത്തിന് പാസ്‌പോര്‍ട്ട് സംബന്ധമായ അത്യാവശ്യ സേവനങ്ങള്‍ നല്‍കാനായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ചൊവ്വാഴ്ച മുതലാണ് സൗകര്യം ഒരുക്കിയത്. ആളുകള്‍ കൂട്ടമായെത്തിയതോടെ അമിതമായ തിരക്ക് മൂലം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നിര്‍ത്തിവെച്ചതായി കോണ്‍സുലേറ്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.  

തിങ്കളാഴ്ച മുതല്‍ ടെലിഫോണിലും ഇമെയില്‍ വഴിയും ബന്ധപ്പെട്ട് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ചൊവ്വാഴ്ച മുതല്‍ കോണ്‍സുലേറ്റില്‍ എത്താനുള്ള സമയവും നല്‍കിയിരുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ രജിസ്റ്റര്‍ പോലും ചെയ്യാതെ ധാരാളം പേര്‍ കോണ്‍സുലേറ്റില്‍ എത്തിയതോടെ സേവനങ്ങള്‍ നിര്‍ത്തി വെക്കുകയായിരുന്നു. സൗദി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളുടെ ലംഘനം ആയതിനാലാണ് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നിര്‍ത്തിവെച്ചത്. 

സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ അനുസരിച്ച് പടിഞ്ഞാറന്‍ മേഖലയിലുള്ള വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിസ, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതിക്കായി സൗദി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള വിമാന സര്‍വ്വീസ് ആരംഭിക്കുന്നത് അനുസരിച്ച് ആളുകളുടെ യാത്ര മുടങ്ങാതിരിക്കാന്‍ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞവര്‍ക്കും കോണ്‍സുലേറ്റ് സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. സൗദി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കൊവിഡ് നിയന്ത്രണങ്ങളും മുന്‍കരുതലുകളും പാലിക്കാന്‍ മുഴുവന്‍ ഇന്ത്യന്‍ സമൂഹത്തോടും കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു.