രാജ്യത്തേക്ക് എത്തിയ ശേഷം മടങ്ങിപ്പോകാതെ സ്ഥിര താമസമാക്കിയ കാക്കകളും മൈനകളുമാണ് വലിയ രീതിയില്‍ അരി, ഗോതമ്പ്, മുന്തിരി, ആപ്രിക്കോട്ട് അടക്കമുള്ള വിളകള്‍ക്ക് സാരമായ രീതിയില്‍ നാശമുണ്ടാക്കുന്നത്. ഒമാനില്‍ മാത്രം 160000 മൈനകളുണ്ടെന്നാണ് കണക്കുകള്‍

മസ്കറ്റ്: കാര്‍ഷിക വിളകള്‍ തിന്ന് നശിപ്പിക്കുന്ന ഇന്ത്യന്‍ കാക്കകള്‍ക്കും മൈനകള്‍ക്കുമെതിരെ നടപടി കര്‍ശനമാക്കി ഒമാന്‍. രാജ്യത്തേക്ക് എത്തിയ ശേഷം മടങ്ങിപ്പോകാതെ സ്ഥിര താമസമാക്കിയ കാക്കകളും മൈനകളുമാണ് വലിയ രീതിയില്‍ അരി, ഗോതമ്പ്, മുന്തിരി, ആപ്രിക്കോട്ട് അടക്കമുള്ള വിളകള്‍ക്ക് സാരമായ രീതിയില്‍ നാശമുണ്ടാക്കുന്നത്. ഒമാനില്‍ മാത്രം 160000 മൈനകളുണ്ടെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്.

രാജ്യത്തിന്റെ തന്നെ ഭക്ഷ്യ സുരക്ഷയ്ക്ക് തുരങ്കം വയ്ക്കുന്ന രീതിയില്‍ പക്ഷികളുടെ ശല്യം തുടങ്ങിയതോടെയാണ് 104073 പക്ഷികളെ തുരത്താന്‍ ഒമാന്‍ തീരുമാനിച്ചത്. 43753 ഇന്ത്യന്‍ കാക്കകളേയും 60320 മൈനകളേയുമാണ് ആദ്യ ഘട്ടത്തില്‍ പിടികൂടുന്നത്. വെടിവച്ച് വീഴ്ത്തിയും കെണികള്‍ വച്ച് പിടികൂടിയുമാണ് ഈ നീക്കം. ആദ്യ ഘട്ടത്തില്‍ വലിയ പ്രയോജനം കണ്ടതിന് പിന്നാലെ സദായില്‍ രണ്ടാം ഘട്ട പ്രവര്‍ത്തനം ആരംഭിച്ചു.

സെപ്തംബര്‍ 4 മുതല്‍ 7വരെ സദായിലും, മിര്‍ബാത്തില്‍ സെപ്തംബര്‍ 10 മുതല്‍ 15 വരേയും താഖ്വയില്‍ സെപ്തംബര്‍ 17 മുതല്‍ 28 വരേയും സലാലയില്‍ ഒക്ടോബര്‍ 1 മുതല്‍ 26വരെയുമാണ് പക്ഷികളെ നിര്‍മാര്‍ജ്ജനം ചെയ്യുക. ദേശാടനത്തിനായി എത്തിയ പക്ഷികള്‍ ഒമാനില്‍ സ്ഥിര താമസമാക്കിയതോടെ വലിയ രീതിയിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഒമാനിലുണ്ടായത്.

ഗുരുതരമായ പക്ഷിപ്പനികളെ രാജ്യത്തെത്തിക്കാനും ഈ ദേശാടന പക്ഷികള്‍ കാരണമായിരുന്നു. ഒമാനിലെ പ്രാദേിക പക്ഷികളുടെ കൂടുകളില്‍ കയറുന്ന മൈനകള്‍ കുഞ്ഞുങ്ങളെ കൊല്ലുന്നതും പതിവായിരുന്നു. എയര്‍ഗണ്‍ ഉപയോഗിച്ചും കൂടുകള്‍ വച്ചുമാണ് പക്ഷികളെ നീക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം