ദുബായ്: ദുബായ് പൊലീസിന്റെ ആദരമേറ്റ് വാങ്ങിയ അനുഭവം കുറിച്ച് ഇന്ത്യന്‍ ഡോക്ടര്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഡ്യൂട്ടി കഴിഞ്ഞ് രാത്രി മടങ്ങുകയായിരുന്ന തനിക്ക് നന്ദി സൂചകമായി ദുബായ് പൊലീസ് സല്യൂട്ട് നല്‍കിയതിന്റെ അനുഭവമാണ് ദുബായിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഹൈദരാബാദ് സ്വദേശിനി അയേഷ സുല്‍ത്താന പങ്കുവെച്ചത്.

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമെന്ന് കുറിച്ചു കൊണ്ടാണ് യുവ ഡോക്ടര്‍ ട്വീറ്റ് ചെയ്തത്. യുഎഇയില്‍ രാത്രി 10 മണി മുതല്‍ രാവിലെ ആറ് വരെ കൊവിഡ് അണുനശീകരണ യജ്ഞം നടക്കുന്നതിനാല്‍ പൊതുനിരത്തുകളിലിറങ്ങുവാന്‍ ആര്‍ക്കും അനുവാദമില്ല. നിയമം ലഘിച്ചാല്‍ വന്‍ തുകയാണ് പിഴ ചുമത്തുന്നത്. ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. 

ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെ ഒരു മണിയോടെ മടങ്ങുകയായിരുന്നു ഡോ. അയേഷ. വഴിയില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ടായിരുന്നു. കാര്‍ നിര്‍ത്തിയ അയേഷ താന്‍ ഡോക്ടറാണെന്നും ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയാണെന്നും പൊലീസിനോട് പറഞ്ഞു. എന്നാല്‍ രേഖകള്‍ കാണിച്ചപ്പോള്‍ അത് നോക്കുക പോലും ചെയ്യാതെ നന്ദി സൂചകമായി പൊലീസ് സല്യൂട്ട് നല്‍കുകയായിരുന്നെന്ന് അയേഷ ട്വിറ്ററില്‍ കുറിച്ചു. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണെന്ന് ഡോ. അയേഷ ദുബായ് പൊലീസിന് നന്ദി പറഞ്ഞുകൊണ്ട് ട്വീറ്റ് ചെയ്തു.