ദുബായ്: ദുബായിലെ റേഡിയോ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് കുളിക്കുന്നതിനിടെ കടലിൽ മുങ്ങി മരിച്ചു. തമിഴ് റേഡിയോ ഗില്ലി എഫ്എമ്മിൽ സെയിൽസ് മാനേജരായ കർണാടക ബാംഗ്ലൂർ സ്വദേശി ജോൺ പ്രീതം പോളാണ് ജുമൈറ ബീച്ചിൽ മരിച്ചത്. ശനിയാഴ്ച രാവിലെ 6.30നായിരുന്നു സംഭവം. 

ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പമായിരുന്നു ജോൺ പ്രീതം പോള്‍ പുലര്‍ച്ചെ ജുമൈറ ബീച്ചിലെത്തിയത്. നാട്ടിൽ നിന്ന് വന്ന ഭാര്യാ സഹോദരിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കുട്ടികള്‍ക്കൊപ്പം ബീച്ചില്‍ കളിച്ചതിന് ശേഷം തിരികെ പോകാന്‍ നേരം കുളിക്കാനായി കടലിലിറങ്ങിയതായിരുന്നു. പെട്ടെന്ന് മുങ്ങിപ്പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.  കഴിഞ്ഞ 15 വർഷമായി ജോൺ പ്രീതം പോൾ യുഎഇയിലുണ്ട്. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.