Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു; സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത പ്രവാസികള്‍ക്ക് മടങ്ങാം

കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും എംബസി ട്വീറ്റ് ചെയ്‍തു.

indian embassy confirms those who vaccinated from saudi arabia can return
Author
Riyadh Saudi Arabia, First Published Aug 24, 2021, 7:48 PM IST

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് രണ്ടു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് തിരികെ വരാമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയടക്കമുള്ള പ്രവേശന നിരോധനമുള്ള രാജ്യങ്ങളിലേക്ക് റീ എന്‍ട്രിയില്‍ പോയ സൗദി ഇഖാമ ഉള്ളവർക്ക് മടങ്ങിയെത്താനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും എംബസി ട്വീറ്റ് ചെയ്‍തു.

രണ്ടു ഡോസ് വാക്സിനും സൗദി അറേബ്യയില്‍ നിന്ന് സ്വീകരിച്ചവര്‍ക്ക്  14 ദിവസം മറ്റൊരു രാജ്യത്ത് കഴിയേണ്ടതില്ലെന്നാണ് സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച സര്‍ക്കുലറില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കുലര്‍ ലഭിച്ചതായി സൗദിയിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചു.  

സൗദിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 'ഇമ്യൂണ്‍' ആയിരിക്കണമെന്നതാണ് നിബന്ധന. മറ്റു കൊവിഡ് വ്യാപന മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടിവരുമെന്നും സര്‍ക്കുലറിലുണ്ട്. ഈ അനുമതി എന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്നതിന് എല്ലാ രാജ്യങ്ങളും സ്വന്തമായ തീരുമാനങ്ങളെടുക്കേണ്ടതുമുണ്ട്.

ഇന്ത്യക്ക് പുറമെ പാക്കിസ്ഥാൻ, യുഎഇ, ഈജിപ്ത്, ബ്രസീൽ, അർജന്റീന, ഇന്തോനേഷ്യ, സൗത്ത് ആഫ്രിക്ക, വിയറ്റ്നാം, അഫ്ഗാനിസ്ഥാൻ, തുർക്കി, ലബനാൻ, എത്യോപ്യ എന്നീ 13 രാജ്യങ്ങളിൽ നിന്നാണ് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ടായിരുന്നത്. ഇവിടങ്ങളിലുള്ള പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് പുതിയ ഇളവ് അനുഗ്രഹമാവും. എന്നാല്‍ നാട്ടിൽ നിന്നും വാക്സിൻ എടുത്തവർക്കും ഒരു ഡോസ് വാക്സിനെടുത്ത ശേഷം നാട്ടിലേക്ക് വന്നവര്‍ക്കും ഇപ്പോഴത്തെ നിലയില്‍ മടങ്ങാനാവില്ല.
 

Follow Us:
Download App:
  • android
  • ios