അബുദാബി: യുഎഇയിലെ പ്രമുഖ സ്കൂളിലേക്കെന്ന പേരില്‍ വ്യാജ തൊഴില്‍ വാഗ്ദാനം നല്‍കി പണം തട്ടുന്ന സംഘം നിരവധിപ്പേരെ കബളിപ്പിച്ചെന്ന് സൂചന. സ്കൂളിന്റെ വെബ്സൈറ്റിന് സമാനമായ വ്യാജ വെബ്സൈറ്റുണ്ടാക്കി തൊഴിലന്വേഷകരുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും വിസാ നടപടികള്‍ക്കായി പണം ചോദിക്കുകയും ചെയ്തായിരുന്നു തട്ടിപ്പ്. തൊഴിലന്വേഷകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി.

അബുദാബിയിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ പേരിലാണ് തട്ടിപ്പുകാര്‍ വ്യാജ ജോലി വാഗ്ദാനങ്ങള്‍ നല്‍കിയത്. സ്കൂളിന്റെ വെബ്സൈറ്റിന് സമാനമായ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചശേഷം സ്കൂളില്‍ തൊഴിലവസരങ്ങളുണ്ടെന്ന പേരില്‍ അറിയിപ്പ് നല്‍കുകയായിരുന്നു. ജോലി അന്വേഷിച്ചെത്തിയവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും വിസയ്ക്കായി പണം ചോദിക്കുകയുമായിരുന്നു. സംശയം തോന്നിയ ചിലര്‍ നേരിട്ട് സ്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. വ്യാജതൊഴില്‍ വാഗ്ദാനങ്ങള്‍ നല്‍കി തട്ടിപ്പുനടത്തുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ ഡയറക്ടറും പ്രിന്‍സിപ്പലുമായ പരംജിത് അലുവാലിയ അറിയിച്ചു.

സ്കൂളിന്റെ പേരില്‍ തട്ടിപ്പിനുള്ള ശ്രമം നടക്കുന്നതായി അധികൃതര്‍ ഇന്ത്യന്‍ എംബസിയെ വിവരമറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എംബസി, സാമൂഹിക മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നിര്‍ദേശം നല്‍കി. സ്കൂളിന്റെപേരില്‍ വ്യാജ വെബ്സൈറ്റ് നിര്‍മിച്ചതിനും തട്ടിപ്പ് നടത്തിയതിനും നിയമനടപടികള്‍ തുടങ്ങിയിട്ടുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. hr.recruitdunesintlschool.uae@gmail.com and info.duneschool.ae@gmail.com എന്നീ ഇ-മെയില്‍ വിലാസങ്ങളില്‍ നിന്നാണ് തട്ടിപ്പുകാരുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിച്ചത്.