റിയാദിൽ ‘ഗീത മഹോത്സവം’ സംഘടിപ്പിച്ച് ഇന്ത്യൻ എംബസി. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങിന്‍റെ അഭിനന്ദന വീഡിയോ സന്ദേശത്തോടെയാണ് പരിപാടി ആരംഭിച്ചത്. റിയാദിലെ വൈദേഹി നൃത്ത വിദ്യാലയത്തിലെ വിദ്യാർഥിനികളാണ് സംഗീത ശിൽപം അവതരിപ്പിച്ചത്.

റിയാദ്: ‘പ്രവാസി പരിചയ് മേള’യുടെ സമാപനത്തിെൻറ ഭാഗമായി റിയാദിലെ ഇന്ത്യൻ എംബസിയിൽ ‘ഗീത മഹോത്സവ്-എ മ്യൂസിക്കൽ’ എന്ന ആകർഷകമായ സംഗീത നാടകം അരങ്ങേറി. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങിന്‍റെ അഭിനന്ദന വീഡിയോ സന്ദേശത്തോടെയാണ് പരിപാടി ആരംഭിച്ചത്. റിയാദിലെ വൈദേഹി നൃത്ത വിദ്യാലയത്തിലെ വിദ്യാർഥിനികളാണ് സംഗീത ശിൽപം അവതരിപ്പിച്ചത്. സംഗീതത്തിന്‍റെയും നടനത്തിന്‍റെയും സാർവത്രിക ഭാഷയിലൂടെ ഭഗവദ്ഗീതയുടെ കാലാതീതമായ സന്ദേശത്തെ അവർ ജീവസുറ്റതാക്കി.

ഇന്ത്യൻ പ്രവാസികളെ മാതൃരാജ്യത്തിന്‍റെ നാഗരിക പൈതൃകവുമായി ബന്ധിപ്പിക്കുന്ന ആഴത്തിലുള്ള സാംസ്കാരികവും ആത്മീയവുമായ ബന്ധങ്ങൾ ഉയർത്തിക്കാട്ടുന്നതിനും ഗീത ഉൾക്കൊള്ളുന്ന ഐക്യം, കടമ, നിസ്വാർഥ പ്രവർത്തനം എന്നിവയുടെ സന്ദേശത്തെക്കുറിച്ചുള്ള ചിന്തയ്ക്ക് പ്രചോദനം നൽകുന്നതിനുമാണ് എംബസി ഗീതാ മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ പറഞ്ഞു. റിയാദിലെ ആഘോഷം ഈ മാസം അവസാനം ഹരിയാനയിലെ കുരുക്ഷേത്രയിൽ നടക്കുന്ന ‘അന്താരാഷ്ട്ര ഗീതാ മഹോത്സവ’ത്തിെൻറ ചൈതന്യം തുടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പത്മശ്രീ, സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രതിഭ പ്രഹ്ലാദ് പരിപാടിയിൽ പങ്കെടുത്തു. പ്രവാസി പൗരസമൂഹത്തിെൻറ പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ ഊർജ്ജസ്വലമായ സാംസ്കാരിക പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എംബസി 2023-ലാണ് റിയാദിൽ പ്രവാസി പരിചയ് എന്ന വാർഷിക സാംസ്കാരിക മേള സംഘടിപ്പിക്കാൻ ആരംഭിച്ചത്.