സുഹൃത്തിന്റെ പാസ്‍പോര്‍ട്ടുമായി വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരന്‍ വിരലടയാള പരിശോധനയില്‍ പിടിയിലായി.

കുവൈത്ത് സിറ്റി: മറ്റൊരാളുടെ പാസ്‍പോര്‍ട്ട് ഉപയോഗിച്ച് കുവൈത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. വിമാനത്താവളത്തിലെ വിരലടയാള പരിശോധനയിലാണ് കുടുങ്ങിയത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ മറ്റൊരു ഇന്ത്യക്കാരന്റെ പാസ്‍പോര്‍ട്ട് വിലയ്ക്ക് വാങ്ങുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ പാസ്‍പോര്‍ട്ടിന് നാല് മാസം കൂടി കാലാവധിയുണ്ടായിരുന്നു. 250 ദിനാറിനാണ് ഉടമ പാസ്‍പോര്‍ട്ട് വിറ്റത്. പണം നല്‍കി പാസ്‍പോര്‍ട്ട് വാങ്ങിയയാള്‍ അതുമായി വിമാനത്താവളത്തിലെത്തി വിരടലടയാള പരിശോധന നടത്തിയപ്പോള്‍ വ്യത്യാസം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നടപടികള്‍ പൂര്‍ത്തിയാക്കി ഇയാളെ ഇന്ത്യയിലേക്കുതന്നെ നാടുകടത്തും.