രാജ്യത്ത് മയക്കുമരുന്ന് കടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘങ്ങള്‍ക്കായി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് സൗദി യുവാവിനെയും ഇന്ത്യക്കാരനെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) മയക്കുമരുന്ന് ശേഖരവുമായി ഒരു സ്വദേശി യുവാവും ഇന്ത്യക്കാരനും (Indian Expat) അറസ്റ്റിലായി. അല്‍ ഖസീമില്‍ (Al Qassim) നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ (General directorate of Narcotic control) വക്താവ് മേജര്‍ മുഹമ്മദ് അല്‍ നജീദി അറിയിച്ചു.
52,853 ലഹരി ഗുളികകളാണ് ഇരുവരില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. വ്യത്യസ്‍ത തരത്തില്‍ പെട്ട ഏഴ് തോക്കുകളും വെടിയുണ്ടകളും മറ്റ് ചില നിരോധിത വസ്‍തുക്കളും ഇവരുടെ പക്കലുണ്ടായിരുന്നു. രാജ്യത്ത് മയക്കുമരുന്ന് കടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘങ്ങള്‍ക്കായി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് സൗദി യുവാവിനെയും ഇന്ത്യക്കാരനെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇരുവര്‍ക്കുമെതിരെ നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ വക്താവ് അറിയിച്ചു.
പ്രവാസികള്‍ക്ക് പ്രൊബേഷൻ കാലയളവില്‍ ഫൈനല്‍ എക്സിറ്റ് കിട്ടിയാൽ റദ്ദാക്കാനാവില്ല
റിയാദ്: സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്ക് (Expatriates in Saudi Arabia) പ്രൊബേഷന്‍ കാലത്ത് തൊഴിലുടമകള്‍ നല്‍കുന്ന ഫൈനല്‍ എക്‌സിറ്റ് Final exit by employers) റദ്ദാക്കാന്‍ കഴിയില്ല. സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റാണ് (ജവാസത്ത്) (Saudi Passport Directorate) ഇക്കാര്യം അറിയിച്ചത്. പ്രൊബേഷന്‍ കാലത്ത് (Probation period) ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കാന്‍ ഫീസ് നല്‍കേണ്ടതില്ല.
സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ കാലത്ത് ഓണ്‍ലൈന്‍ വഴി ഫൈനല്‍ എക്‌സിറ്റ് നല്‍കുന്ന സേവനം അബ്‍ശിര്‍ ബിസിനസ് പ്ലാറ്റ്‌ഫോം വഴി ആരംഭിച്ചിട്ടുണ്ട്. ഇത് ജവാസാത്ത് ഡയറക്ടറേറ്റുകളെ നേരിട്ട് സമീപിക്കേണ്ടതില്ലാതെ വിദേശികള്‍ക്ക് എളുപ്പത്തില്‍ ഫൈനല്‍ എക്‌സിറ്റ് നല്‍കാന്‍ തൊഴിലുടമകളെ സഹായിക്കുന്നു. സ്വകാര്യ മേഖലാ തൊഴിലുടമകള്‍ക്കു മാത്രമാണ് നിലവില്‍ ഈ സേവനം ലഭിക്കുക.
പ്രൊബേഷന്‍ കാലത്ത് വിദേശ തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കാന്‍ ഫീസൊന്നും നല്‍കേണ്ടതില്ല. എന്നാല്‍ പ്രൊബേഷന്‍ കാലത്ത് ഓണ്‍ലൈന്‍ വഴി ഫൈനല്‍ എക്‌സിറ്റ് നേടിയ ശേഷം ഇത് റദ്ദാക്കാനോ ഇഖാമ ഇഷ്യു ചെയ്യാനോ സാധിക്കില്ല. പേപ്പര്‍ രഹിത ഡിപ്പാര്‍ട്ട്‌മെന്റ് എന്ന ആശയം നടപ്പാക്കുന്നതിന്റെയും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെയും ഭാഗമായും നടപടിക്രമങ്ങള്‍ എളുപ്പാമാക്കാന്‍ ശ്രമിച്ചുമാണ് പ്രൊബേഷന്‍ കാലത്ത് വിദേശ തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ വഴി ഫൈനല്‍ എക്‌സിറ്റ് നല്‍കുന്ന സേവനം ആരംഭിച്ചതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.
വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിക്ക് 15 വര്‍ഷം കഠിന തടവ്
കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ (Murder) സ്വദേശി വനിതയ്‍ക്ക് 15 വര്‍ഷം തടവ്. കുവൈത്ത് പരമോന്നത കോടതിയാണ് (Kuwait Cassation Court) ശിക്ഷ വിധിച്ചത്. ഫിലിപ്പൈന്‍സ് സ്വദേശിയായ വീട്ടുജോലിക്കാരിയുടെ (Housemaid) കൊലപാതകം കുവൈത്തും ഫിലിപ്പൈന്‍സും തമ്മിലുള്ള രാഷ്‍ട്രീയ പ്രശ്നങ്ങളിലേക്ക് വരെ നയിച്ചിരുന്നു. തുടര്‍ന്ന് കുവൈത്തിലേക്കുള്ള വീട്ടുജോലിക്കാരികളുടെ നിയമനം ഫിലിപ്പൈന്‍സ് തടയുകയും ചെയ്‍തു.
കേസില്‍ കുവൈത്തി വനിതയ്‍ക്ക് 15 വര്‍ഷം കഠിന തടവ് വിധിച്ച അപ്പീല്‍ കോടതി വിധി, പരമോന്നത കോടതി ശരിവെയ്‍ക്കുകയായിരുന്നു. തെളിവ് നശിപ്പിച്ചതിന് പ്രതിയുടെ ഭര്‍ത്താവിന് നാല് വര്‍ഷം തടവും വിധിച്ചു. കേസ് ആദ്യം പരിഗണിച്ചപ്പോള്‍ കോടതി വധശിക്ഷയാണ് വിധിച്ചതെങ്കിലും പിന്നീട് അപ്പീലുകളിലൂടെ ശിക്ഷ 15 വര്‍ഷം തടവായി കുറയ്‍ക്കുകയായിരുന്നു.
ഫിലിപ്പൈന്‍സ് സ്വദേശിയായ ജോലിക്കാരിയെ ദീര്‍ഘ നാളായി കുവൈത്തി വനിത ക്രൂരമായി മര്‍ദിക്കുകയും വീട്ടിലെ ഒരു മുറിയില്‍ പൂട്ടിയിട്ട് ചികിത്സ നിഷേധിക്കുകയുമായിരുന്നു. മര്‍ദനത്തിനൊടുവില്‍ ജോലിക്കാരി മരിച്ചു. ശരീരം നിറയെ മര്‍ദനമേറ്റ പാടുകളും മുറിവുകളുമായി ഇവരുടെ മൃതദേഹം സബാഹ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം അറിയിച്ചത്.
പ്രാഥമിക പരിശോധനയില്‍ തന്നെ അസ്വഭാവിക മരണമാണെന്ന് വ്യക്തമായതോടെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്‍തു. മൃതദേഹം ആശുപത്രിയിലെത്തിച്ച സ്‍പോണ്‍സറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‍തതില്‍ നിന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തന്റെ ഭാര്യ ജോലിക്കാരിയെ ക്രൂരമായി മര്‍ദിക്കുമായിരുന്നുവെന്നും മര്‍ദനമേറ്റ് ബോധരഹിതയായപ്പോഴാണ് താന്‍ ആശുത്രിയിലെത്തിച്ചതെന്നും ഇയാള്‍ പറഞ്ഞു. വീട്ടുജോലിക്കാരി മരിച്ചിരുന്നുവെന്ന് താന്‍ അറിഞ്ഞില്ലെന്നും ഇയാളുടെ മൊഴിയിലുണ്ടായിരുന്നു.
വീട്ടുജോലിക്കാരിയുടെ നെഞ്ചിലും തലയിലും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദനമേറ്റിരുന്നു. ഭര്‍ത്താവിന് വീട്ടുജോലിക്കാരിയുമായി രഹസ്യ ബന്ധമുണ്ടെന്ന് പ്രതി ആരോപിച്ചിരുന്നു. ദുര്‍മന്ത്രാവാദത്തിലൂടെ തന്നെയും ഭര്‍ത്താവിനെയും പരസ്‍പരം അകറ്റാന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നായിരുന്നു പ്രതിയുടെ വാദം.
