കുവൈത്തിലെ ശര്‍ഖില്‍ അഞ്ചാം നിലയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് താഴെ വീണ് പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു (Expat died). ശര്‍ഖിലായിരുന്നു (Sharq) സംഭവം. ആഭ്യന്തര മന്ത്രാലയത്തിലെ (Ministry of interior) ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു. മരണപ്പെട്ടത് ഇന്ത്യക്കാരനാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

അഞ്ചാം നിലയിലെ അപ്പാര്‍ട്ട്മെന്റിലാണ് മരണപ്പെട്ടയാള്‍ താമസിച്ചിരുന്നത്. ഇവിടെ നിന്നും ജനല്‍ വഴി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. പരിക്കുകള്‍ ഗുരുതരമായിരുന്നതിനാല്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിക്കുകയും ചെയ്‍തു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണ കാരണം ഉള്‍പ്പെടെ കണ്ടെത്താനായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.